ദില്ലി: ഈ വര്‍ഷത്തെ താരപ്പകിട്ടാര്‍ന്ന വിവാഹമായിരുന്നു ക്രിക്കറ്റ് താരം വിരാട് കോലിയുടെയും ബോളിവുഡ് താരം അനുഷ്ക ശര്‍മ്മയുടെയും വിവാഹം. ക്രിക്കറ്റ്- ബോളിവുഡ് ലോകവും ആരാധകരും നാളേറെയായി കാത്തിരിക്കുകയായിരുന്നു വിരുഷ്കയുടെ വിവാഹവാര്‍ത്തയ്ക്കായി. ഇറ്റലിയില്‍ വെച്ച് ഡിസംബര്‍ 11നായിരുന്നു ഇരുവരുടെയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
എന്നാലിപ്പോള്‍ വിരുഷ്ക വിവാഹം റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടിയിരിക്കുന്നു. വിരാട് കോലിയുമായുള്ള വിവാഹം കഴിഞ്ഞതായി അറിയിച്ചുള്ള അനുഷ്ക ശര്‍മ്മയുടെ ട്വീറ്റാണ് ഇതിനു കാരണം. ഡിസംബര്‍ 11ന് വിവാഹവിവരം അറിയിച്ചുകൊണ്ടുള്ള അനുഷ്കയുടെ ട്വീറ്റ് 2017ലെ ഗോള്‍ഡണ്‍ ട്വീറ്റായി തിരഞ്ഞെടുക്കപ്പെട്ടു. ഈ വര്‍ഷം കൂടുതല്‍ റീ ട്വീറ്റ് ചെയ്യപ്പെട്ട ട്വീറ്റ് ഇതാണെന്ന് ട്വിറ്ററര്‍ അധികൃതര്‍ വ്യക്തമാക്കി. തങ്ങളുടെ വിവാഹ ചിത്രത്തോടൊപ്പമായിരുന്നു അനുഷ്കയുടെ വിവാഹ ട്വീറ്റ്.
