ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടിലെ നിര്‍ണായക മത്സരത്തില്‍ ചിലെക്കെതിരെ അര്‍ജന്‍റീനയ്‌ക്ക് ജയം. യുറുഗ്വായിയെ തകര്‍ത്ത ബ്രസീല്‍ സാധ്യതകള്‍ നിലനിര്‍ത്തി.

പ്രതീക്ഷ കാത്ത് മെസിയും അര്‍ജന്‍റീനയും. ഏഞ്ചല്‍ ഡി മരിയയെ വീഴ്ത്തിയതിന് ബ്രസീലിയന്‍ റഫറി വിധിച്ച പെനാല്‍റ്റിയാണ് ലാറ്റിന്‍ അമേരിക്കയില്‍ മൂന്നാം സ്ഥാനത്തേക്ക് അര്‍ജന്‍റീനയെ ഉയര്‍ത്തിയ ഗോളിന് വഴിയൊരുക്കിയത്. സമനില എങ്കിലും അര്‍ഹിച്ച ചിലെ ആറാം സ്ഥാനത്തേക്ക് വീണു.

റ്റിറ്റെ പരിശീലകനായ ശേഷം ആദ്യമായി ലീഡ് വഴങ്ങിയ മത്സരത്തില്‍ ബ്രസീല്‍ തിരിച്ചുവന്നു നാലു തവണ ഉറുഗ്വായ വല ചലിപ്പിച്ച ക്യാനറികള്‍ റഷ്യയിലേക്കുള്ള ടിക്കറ്റും ഏതാണ്ട് ഉറപ്പാക്കി .ഇരുപകുതികളിലുമായി പൗളീഞ്ഞോ മൂന്ന് ഗോളടിച്ചപ്പോള്‍ ഗബ്രിയേല്‍ ജീസസിന്‍റെ അഭാവം മഞ്ഞപ്പട അറിഞ്ഞില്ല .

സൂപ്പര്‍ താരം നെയ്മറും ഒരു ഗോള്‍ നേടി. 13 കളിയില്‍ 30 പോയിന്‍റുള്ള ബ്രസീലിന് ഉറുഗ്വായേക്കാള്‍ ഏഴ് പോയിന്‍റിന്റെ ലീഡുണ്ട്. ഹാമിഷ് റോഡ്രിഗസിന്‍റെ ഗോളില്‍ ബൊളീവിയയെ വീഴ്ത്തിയ കൊളംബിയയാണ് മേഖലയില്‍ നാലാമത്. ലാറ്റിന്‍ അമേരിക്കന്‍ റൗണ്ടില്‍ അഞ്ചു കളി കൂടി ബാക്കിയുണ്ട്.