ബ്യൂണസ് അയേഴ്‌സ്: ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ വെനിസ്വേലയ്‌ക്കെതിരെ സ്വന്തം തട്ടകത്തില്‍ സമനില വഴങ്ങേണ്ടിവന്നത് അര്‍ജന്റീനയ്‌ക്ക് കനത്ത തിരിച്ചടിയായി. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. ജോണ്‍ മുറില്ലോയിലൂടെ അമ്പതാം മിനുട്ടില്‍ വെനിസ്വേലയാണ് ആദ്യം മുന്നിലെത്തിയത്. അഞ്ചുമിനുട്ടിന് ശേഷം വെനിസ്വേലന്‍താരം റോള്‍ഫ് ഫെല്‍സ്ച്ചര്‍ സെല്‍ഫ് ഗോളിലൂടെയാണ് അര്‍ജന്റീന സമനില പിടിച്ച് തടിയൂരിയത്. പരുക്കന്‍ അടവുകളിലൂടെ അര്‍ജന്റീനന്‍ താരങ്ങളെ വെനിസ്വേലക്കാര്‍ പൂട്ടുകയായിരുന്നു. പ്രതിരോധത്തിലൂന്നിയുള്ള കളിയ്‌ക്കിടയില്‍ അഞ്ച് വെനിസ്വേലന്‍ താരങ്ങള്‍ മഞ്ഞ കാര്‍ഡ് കണ്ടു.

ലാറ്റിനമേരിക്കയില്‍ യോഗ്യതാറൗണ്ടില്‍ എല്ലാ ടീമുകളും 16 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 24 പോയിന്റുമായി അര്‍ജന്റീന ഇപ്പോള്‍ അഞ്ചാം സ്ഥാനത്താണ്. നാല് ടീമുകള്‍ക്ക് മാത്രമാണ് ലോകകപ്പ് യോഗ്യത നേരിട്ട് ലഭിക്കുക. അഞ്ചാം സ്ഥാനത്തുള്ള ടീം പ്ലേ ഓഫ് കളിക്കേണ്ടിവരും. അതേസമയം 23 പോയിന്റുമായി ചിലിയും 21 പോയിന്റുമായി പരാഗ്വെയും തൊട്ടുപിന്നിലുള്ളത് അര്‍ജന്റീനയുടെ അഞ്ചാം സ്ഥാനത്തിനും ഭീഷണിയാണ്. എല്ലാ ടീമുകള്‍ക്കും ഇനി രണ്ടു മല്‍സരം കൂടിയുണ്ട്. പെറുവിനെതിരെ ഒക്‌ടോബര്‍ ആറിനാണ് അര്‍ജന്റീനയുടെ അടുത്ത മല്‍സരം.