ബ്യൂണസ് ഐറിസ്: അ‍ർജന്റീന ഇല്ലാത്ത ലോകകപ്പ് ആയിരിക്കുമോ അടുത്ത വർഷം റഷ്യയിൽ നടക്കുക ?. യോഗ്യതാ റൗണ്ടിൽ വെനസ്വേലയോട് സമനില വഴങ്ങിയതോടെ അർജന്‍റീനയുടെ ഭാവി അനിശ്ചിതത്വത്തിലായി. ലയോണൽ മെസ്സിയും അ‍ർജന്‍റീനയും ഇല്ലാത്തൊരു ലോകകപ്പ്. ആരാധകർക്ക് ചിന്തിക്കാൻപോലും ആവാത്തകാര്യം. റഷ്യയിലേക്ക് യോഗ്യത ഉറപ്പിക്കാൻ രണ്ട് കളികൾ മാത്രം ശേഷിക്കേ അർജന്‍റീനയുടെ നില പരുങ്ങലിലാണ്.

16 കളിയിൽ ആറ് ജയവും ആറ് സമനിലയും നാല് തോൽവിയുമായി 23 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് അർജന്റീന. ആദ്യ നാല് സ്ഥാനക്കാരാണ് റഷ്യയിലേക്ക് നേരിട്ട് യോഗ്യത നേടുക. അഞ്ചാംസ്ഥാനക്കാർ ന്യുസീലൻഡുമായി പ്ലേഫ് കളിക്കേണ്ടിവരും. ഒക്ടോബർ അ‍ഞ്ചിന് പെറുവുമായും പത്തിന് ഇക്വഡോറുമായുമാണ് മെസ്സിയുടേയും സംഘത്തിന്റെയും ശേഷിക്കുന്ന മത്സരങ്ങൾ. രണ്ട് കളിയും അ‍ർജന്‍റീനയ്ക്ക് ജീവൻമരണപ്പോരാട്ടം.

36 പോയിന്‍റുമായി ബ്രസീൽ നേരത്തേ, യോഗ്യത ഉറപ്പാക്കിക്കഴിഞ്ഞു. ഉറുഗ്വേ, കൊളംബിയ , പെറു എന്നിവരാണ് രണ്ട് മുതൽ നാല് വരെ സ്ഥാനങ്ങൾ.സൂപ്പർ താരങ്ങൾ ഏറെയുണ്ടെങ്കിലും ഒത്തിണക്കത്തോടെ കളിക്കാനും ഗോൾനേടാനും അർജന്‍റീനയ്ക്ക് കഴിയുന്നില്ല.ബ്രസീൽ 16 കളിയിൽ 38 ഗോൾ നേടിയപ്പോൾ അർജന്റീനയക്ക് നേടാനായത് 16 ഗോൾ മാത്രം.

ടീം തപ്പിത്തടഞ്ഞപ്പോൾ യോഗ്യതാ റൗണ്ടിനിടെ പരിശീലകരായ ജെറാർഡോ മാർട്ടീനോയെയും എഡ്ഗാർഡോ ബൗസയെയും പുറത്താക്കി. പകരമെത്തിയ ജോർജ് സാംപോളിക്കും ടീമിന്റെ തലവര മാറ്റാനാവുന്നില്ല. ശേഷിക്കുന്ന രണ്ട് കളിയിൽക്കൂടി ഇതേനില തുട‍ർന്നാൽ 1970ന് ശേഷം ആദ്യമായി അർജന്‍റീനയില്ലാത്തൊരു ലോകകപ്പിന് ഫുട്ബോൾ ലോകം സാക്ഷ്യം വഹിച്ചേക്കും.