ജസ്പ്രിത് ബുമ്ര, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷദീപ് സിങ്. ഈ മൂന്ന് പേരുകളാണ് ഇന്ത്യൻ ബൗളിങ് നിരയുടെ കാതല്‍. സൂപ്പര്‍ എട്ട് അത്ര മികച്ചതായിരുന്നില്ല വരുണിന്
അഞ്ച് ബൗളര്‍മാര്‍, ഇതില്‍ രണ്ട് പേര്‍ ഓള്‍ റൗണ്ടര്‍മാരും, അക്സര്‍ പട്ടേലും ഹാര്‍ദിക്ക് പാണ്ഡ്യയും. ആറാമനായി ശിവം ദുബെ, പാര്‍ട്ട് ടൈം ബൗളര്‍. സൂപ്പര്‍ എട്ടില്‍ അഹമ്മദാബാദിലും ചെപ്പോക്കിലും ഈഡൻ ഗാര്‍ഡൻസിലും എതിര്‍ ബാറ്റിങ് നിരയുടെ ചൂടറിഞ്ഞു സൂര്യകുമാര്‍ യാദവിന്റെ സംഘം. സിംബാബ്‌വെയ്ക്കും വെസ്റ്റ് ഇൻഡീസിനുമെതിരെ ബാറ്റിങ് നിര കരകയറ്റിയപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ അങ്ങനൊന്ന് സംഭവിച്ചില്ല. ഒരു വിക്കറ്റ് ടേക്കര്‍ ബൗളര്‍കൂടിയില്ലാത്തത് ഇന്ത്യക്ക് തിരിച്ചടിയാണോ, ഈ ബൗളിങ് നിരയുടെ നിലവിലെ ഫോം കൊണ്ട് കിരീടം പ്രതിരോധിക്കാൻ കഴിയുമോ.
ജസ്പ്രിത് ബുമ്ര, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷദീപ് സിങ്. ഈ മൂന്ന് പേരുകളാണ് ഇന്ത്യൻ ബൗളിങ് നിരയുടെ കാതല്‍. സൂപ്പര്‍ എട്ട് അത്ര മികച്ചതായിരുന്നില്ല വരുണിന്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നാല് ഓവറില്‍ വഴങ്ങിയത് 47 റണ്‍സ്. സിംബാബ്‌വെയ്ക്ക് എതിരെ 35ഉം വെസ്റ്റ് ഇൻഡീസിനോട് 40 റണ്‍സും. മൂന്ന് മത്സരങ്ങളിലും ഓരോ വിക്കറ്റുകളുമാണ് നേട്ടം. വരുണിനെ ക്രാക്ക് ചെയ്യാൻ ബാറ്റര്‍മാര്‍ക്ക് കഴിയുന്നുവെന്ന സൂചനയാണ് സൂപ്പര്‍ എട്ട് നല്‍കുന്നത്.
ഗ്രൂപ്പ് ഘട്ടത്തില്‍ 12 ഓവറുകളില്‍ നിന്ന് ഒൻപത് വിക്കറ്റാണ് വരുണ്‍ വീഴ്ത്തിയത്. അതും 5.16 എക്കണോമിയില്‍. സൂപ്പര്‍ എട്ടിലും എറിഞ്ഞു 12 ഓവര്‍, പക്ഷേ എക്കണോമി 10ന് മുകളിലെത്തിയിരിക്കുന്നു. വരുണിന്റെ മിസ്റ്ററിയെ ക്രാക്ക് ചെയ്യാൻ സ്വീപ്പ് ഷോട്ടുകളോ അണ്‍ ഓര്‍ത്തഡോക്‌സായിട്ടുള്ള ശ്രമങ്ങളോ ഒന്നും ബാറ്റര്‍മാര്‍ നടത്തുന്നില്ല. മറിച്ച് വരുണിനെതിരെ സ്റ്റെപ്പ് ഔട്ട് ചെയ്ത് ലോങ് ഓണ്‍ ടാര്‍ഗറ്റ് ചെയ്താണ് ബാറ്റര്‍മാര്‍ റണ്‍സ് നേടുന്നത്.
വിക്കറ്റില്‍ നിന്ന് കാര്യമായ സഹായം ലഭിക്കുന്നില്ല എങ്കില്‍ ഒരു മീഡിയം പേസറിനെ നേരിടുന്ന ലാഘവത്തോടെ വരുണിനെ കീഴടക്കാൻ കഴിയുമെന്ന് ഡേവിഡ് മില്ലറും ഡിവാള്‍ഡ് ബ്രെവിസും തെളിയിച്ചു. ഇത് സെമി ഫൈനലിലേക്ക് എത്തുമ്പോള്‍ ഇന്ത്യ മറികടക്കേണ്ട ഒരു വെല്ലുവിളിയാണ്. ബുമ്ര തന്റെ സ്ഥിരത നിലനിര്‍ത്തുന്നതുകൊണ്ടും അര്‍ഷദീപ് കണിശത തുടരുന്നതുമാണ് ഇന്ത്യയ്ക്ക് വലിയ ക്ഷീണം സംഭവിക്കാത്തതിന്റെ കാരണം.
വെസ്റ്റ് ഇൻഡീസിനെതിരായ ഒരു മത്സരം മാറ്റി നിര്‍ത്തിയാല്‍ ടൂര്‍ണമെന്റില്‍ അര്‍ഷദീപ് തന്റെ റോള്‍ ഭംഗിയായി നിര്‍വഹിക്കുന്നുണ്ട്. ആറ് കളിയില്‍ അര്‍ഷദീപ് എട്ട് വിക്കറ്റ് നേടിയിട്ടുണ്ട്. 7.7 എക്കണോമിയിലാണ് പന്തെറിയുന്നത്. മറുവശത്ത് ബുമ്ര തന്റെ ഗോട്ട് സ്റ്റാറ്റസിനോട് നീതി പുലര്‍ത്തുന്നു. 6.30 എക്കണോമിയില്‍ ഒൻപത് വിക്കറ്റുകള്‍. അക്സര്‍ പട്ടേല്‍ വിക്കറ്റ് ടേക്കിങ്ങിലൂടെ റണ്‍സ് വിട്ടുനല്‍കുന്നതിനെ ബാലൻസ് ചെയ്യുമ്പോള്‍ ഹാര്‍ദിക്ക് എക്സ്പെൻസീവാണ്.
നമീബിയക്കും പാക്കിസ്ഥാനുമെതിരായ മത്സരങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ഹാര്‍ദിക്കിന് ബൗളറെന്ന നിലയില്‍ ഓര്‍ത്തുവെക്കാൻ കഴിയുന്ന പ്രകടനങ്ങളില്ല. നെതര്‍ലൻഡ്‌സും വിൻഡീസും ദക്ഷിണാഫ്രിക്കയും നാല്‍പതോ അതിലധികമോ റണ്‍സും ഹാര്‍ദിക്കിനെതിരെ സ്കോര്‍ ചെയ്തു. രണ്ട് അല്ലെങ്കില്‍ മൂന്ന് ബൗളര്‍മാര്‍ എക്‌സ്‌പെൻസീവാകുന്ന സാഹചര്യം ടൂര്‍ണമെന്റില്‍ ആവര്‍ത്തിക്കുന്നതുകണ്ടു. ഇവിടെ ആറാം ബൗളറുടെ അനിവാര്യത.
സൂര്യകുമാര്‍ യാദവിന്റെ മുന്നിലുള്ള ഓപ്ഷൻ ശിവം ദുബെ, തിലക് വർമ, അഭിഷേക് ശര്‍മ എന്നിവരാണ്. ടീമിന്റെ ബാലൻസ് നിലനിര്‍ത്തിക്കൊണ്ട് ദുബെയെയാണ് സൂര്യ നിരന്തരം ഉപയോഗിക്കാറുള്ളതും. എന്നാല്‍, ദുബെയാണ് ടൂര്‍ണമെന്റിലെ ഏറ്റവും എക്‌സ്‌പെൻസീവായ ഇന്ത്യൻ ബൗളര്‍. ഇതുവരെ 9.2 ഓവര്‍ എറിഞ്ഞ ദുബെ വഴങ്ങിയത് 124 റണ്‍സാണ്. എക്കണോമി 13.8, അഞ്ച് വിക്കറ്റുകളും നേടി. ദുബെയുടെ ഒരു ഓവര്‍ പോലും എതിരാളികള്‍ക്ക് സാധ്യതകള്‍ തുറന്ന് നല്‍കാൻ കെല്‍പ്പുള്ളതാണ്.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ സംഭവിച്ചതും അതായിരുന്നു. ദുബെയെറിഞ്ഞ രണ്ട് ഓവറില്‍ പ്രോട്ടിയാസ് സ്കോര്‍ ബോര്‍ഡിലേക്ക് ചേര്‍ക്കപ്പെട്ടത് 32 റണ്‍സ്. സിംബാബ്‌വെയ്ക്ക് എതിരെ രണ്ട് ഓവറില്‍ വഴങ്ങിയത് 46 റണ്‍സും. ദക്ഷിണാഫ്രിക്ക 20ന് മൂന്ന് എന്ന നിലയില്‍ നിന്നായിരുന്നു 187ലേക്ക് എത്തിയതെന്നും വിസ്മരിക്കാനാകില്ല.
ജസ്പ്രിത് ബുമ്രയ്ക്കും വരുണിനും ഓഫ് ഡെ ഒരുമിച്ച് സംഭവിച്ചാല്‍ റണ്ണൊഴുക്ക് പിടിച്ചുകെട്ടുക എളുപ്പമാകില്ല. കുല്‍ദീപ് യാദവിനെപ്പോലെ എക്കണോമിക്കലായി പന്തെറിയുന്ന ഒരു വിക്കറ്റ് ടെക്കര്‍ ഡഗൗട്ടിലുണ്ട്. പക്ഷേ, താരത്തെ ടീമില്‍ എവിടെ ഉള്‍പ്പെടുത്തും പകരം ആരെ ഒഴിവാക്കും എന്നതിലാണ് ആശയക്കുഴപ്പം മുഴുവൻ നിലനില്‍ക്കുന്നത്. ബാറ്റിങ് നിര സന്തുലിതമായും എല്ലാവരും ഫോമിലും നിലനില്‍ക്കുന്നു, ആരെയും ഒഴിവാക്കാൻ കഴിയുന്നതല്ല. അതുകൊണ്ട് വരുണ്‍ താളം കണ്ടത്തേണ്ടത് അനിവാര്യമാണ്.

