ബ്യൂണസ് അയറിസ്: ലിയണല്‍ മെസി വിരമിക്കല്‍ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അര്‍ജന്റീനയില്‍ ആരാകരുടെ വന്‍ പ്രകടനം. കനത്ത മഴ വകവയ്ക്കാതെയാണ് സ്ത്രീകളും കുട്ടികളും അടക്കമുള്ള ആരാധകര്‍ പ്രകടനത്തിന് എത്തിയത്. ശതാബ്ദി കോപ്പ അമേരിക്ക ഫൈനലില്‍ ചിലെയോട് തോറ്റതോടെയാണ് മെസി രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. ഷൂട്ടൗട്ടില്‍ മെസി പെനാല്‍റ്റി പാഴാക്കിയിരുന്നു. എഴുപതിനായിരത്തോളം ആരാധകരാണ് പ്രകടനത്തില്‍ പങ്കെടുത്തത്. അര്‍ജന്റീനയുടെ വിജയങ്ങള്‍ ആഘോഷിക്കാറുള്ള ബ്യൂണസ് അയേഴ്‌സിലെ സെന്‍ട്രല്‍ അവന്യൂവിലാണ് ആരാധകര്‍ തടിച്ചുകൂടിയത്. പ്രിയപ്പെട്ട മെസി, താങ്കള്‍ വിരമിക്കരുത് എന്ന മുദ്രാവാക്യം ഉച്ചത്തില്‍ വിളിച്ച ആരാധകര്‍ മെസിയുടെ ചിത്രമുള്ള കൂറ്റന്‍ ബനറുകളും ഉയര്‍ത്തിക്കാട്ടിയിരുന്നു. മെസി കളിച്ചിരുന്ന കാലഘട്ടത്തില്‍ ജീവിക്കാനായത് സായൂജ്യമായി കരുതുന്നുവെന്നും ബാനറുകളില്‍ എഴുതിയിരുന്നു. ഇതേസമയം, മെസി കുടുംബത്തോടൊപ്പം
ബഹാമസില്‍ അവധിക്കാലം ആഘോഷിക്കുകയാണ്. ന്യൂ ജഴ്‌സിയില്‍ നടന്ന കോപ്പ അമേരിക്ക ഫൈനലിലെ തോല്‍വിക്കു ശേഷം മെസി, ജന്മനാടായ റൊസാരിയോയില്‍ എത്തിയിരുന്നു. അവിടെനിന്നാണ് കുടുംബത്തോടൊപ്പം ബഹാമസിലേക്ക് പോയത്. ചിലിക്കെതിരായ തോല്‍വിക്കു ശേഷം കടുത്ത നിരാശയിലും മാനസിക സമ്മര്‍ദ്ദത്തിലുമാണ് മെസി. അതുകൊണ്ടുതന്നെ കുടുംബാംഗങ്ങള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് താരം ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ബാഴ്‌സലോണയിലെ പരിശീലന ക്യാംപിലേക്കും വൈകി മാത്രമെ മെസി എത്തുകയുള്ളുവെന്നാണ് അറിയാന്‍ കഴിയുന്നത്.