വിനു മങ്കാദ് ട്രോഫിയില്‍ മികച്ച ഫോമിലുള്ള അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് തിരിച്ചടി. ഉത്തര്‍പ്രദേശിനെതിരായ മത്സരത്തില്‍ അര്‍ജുന് വിക്കറ്റ് നേടാനാകാതെ വന്നപ്പോള്‍ മുംബൈയ്ക്ക് കനത്ത തോല്‍വി.  

മുംബൈ: ആഭ്യന്തര അണ്ടര്‍ 19 ഏകദിന ടൂര്‍ണമെന്‍റായ വിനു മങ്കാദ് ട്രോഫിയില്‍ മിന്നും പ്രകടനമാണ് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ കാഴ്‌ച്ചവെക്കുന്നത്. ടൂര്‍ണമെന്‍റില്‍ കൂടുതല്‍ വിക്കറ്റ് വീഴ്‌ത്തിയ മുംബൈ താരമാണ് അര്‍ജുന്‍. 15 വിക്കറ്റുകള്‍ അര്‍ജുന് നേടാനായി. എന്നാല്‍ ഉത്തര്‍പ്രദേശിനെതിരായ മത്സരത്തില്‍ അര്‍ജുന് വിക്കറ്റ് നേടാനാകാതെ വന്നപ്പോള്‍ മുംബൈ തോല്‍വി വഴങ്ങി. 

ആദ്യം ബാറ്റ് ചെയ്ത മുംബൈ 46.2 ഓവറില്‍ 202 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിംഗില്‍ ഉത്തര്‍പ്രദേശ് 46.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. മത്സരത്തില്‍ ബാറ്റിംഗിലും അര്‍ജുന്(11) തിളങ്ങാനായില്ല. വിജയത്തോടെ ഉത്തര്‍പ്രദേശ് പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്തിയപ്പോള്‍ മുംബൈ ആറാം സ്ഥാനത്തായി. തോല്‍വിയോടെ മുംബൈയുടെ സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചു.

വിനു മങ്കാദ് ട്രോഫിയില്‍ നേരത്തെ ഗുജറാത്തിനെതിരെ 30 റണ്‍സ് വഴങ്ങി അര്‍ജുന്‍ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയിരുന്നു. ആസാമിനെതിരെ ഏഴ് ഓവറില്‍ വെറും 14 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും കൊയ്‌തു. ഇതിന് പിന്നാലെയുള്ള മത്സരത്തിലാണ് അര്‍ജുന്‍ വിക്കറ്റ് നിഴലിലായത്.