ലണ്ടന്‍: എഫ് എ കപ്പ് ഫുട്‌ബോളില്‍ ആഴ്‌സനല്‍ ചാംപ്യന്‍മാര്‍. ചെല്‍സിയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പിച്ചാണ് ആഴ്‌സനല്‍
സീസണിലെ ആദ്യ കിരീടം സ്വന്തമാക്കിയത്. ഇതോടെ ഏറ്റവുംകൂടുതല്‍ എഫ് എ കപ്പ് നേടുന്ന ടീമെന്ന റെക്കോര്‍ഡും ആഴ്‌സല്‍ സ്വന്തമാക്കി.
ഈ നിമിഷങ്ങള്‍ ആഴ്‌സനലിനും കോച്ച്, ആര്‍സന്‍ വെംഗറിനും നല്‍കുന്ന ആവേശവും ആശ്വാസവും ചില്ലറയല്ല. പരിശീലകന്റെ കസേരയില്‍ പിടിച്ചു നില്‍ക്കാനുളള അവസാന കച്ചിത്തുരുന്പായ എഫ് എ കപ്പില്‍ താരങ്ങള്‍ വെംഗറെ കൈവിട്ടില്ല.
അലക്‌സിസ് സാഞ്ചസിന്റെ വിവാദഗോളില്‍ അഞ്ചാം മിനിറ്റില്‍ ആഴ്‌സനല്‍ മുന്നില്‍. ആരോണ്‍ റാംസേ ഓഫ്‌സൈഡാണെന്ന്
കാട്ടി ലൈന്‍സ്മാന്‍ കൊടി ഉയര്‍ത്തി. പക്ഷേ, റാംസേ പന്തില്‍ തൊടാത്തതിനാല്‍ സാഞ്ചസിന്റെ ഗോള്‍ അനുവദിച്ചു. ചെല്‍സി താരങ്ങളുടെ എതിര്‍പ്പ് വിഫലം. അറുപത്തിയെട്ടാം മിനിറ്റില്‍ വിക്ടര്‍ മോസസ് മാര്‍ച്ചിംഗ് ഓര്‍ഡര്‍ വാങ്ങിയതോടെ ചെല്‍സി പത്തു പേരായി ചുരുങ്ങി. തൊട്ടുപിന്നാലെ ഡിഗോ കോസ്റ്റയുടെ സമനിലഗോള്‍.
ചെല്‍സിയുടെ ആഹ്ലാദത്തിന് മൂന്ന് മിനിറ്റ് ആയുസ് മാത്രം. റാംസെയുടെ ഹെഡറില്‍ സീസണിലെ ഇരട്ടക്കിരീടമെന്ന ചെല്‍സിയുടെ സ്വപ്നങ്ങള്‍ തകര്‍ന്നുവീണു.
ജയത്തോടെ ഏറ്റവുംകൂടുതല്‍ തവണ എഫ് എ കപ്പ് നേടുന്ന കോച്ചെന്ന റെക്കോര്‍ഡും വെംഗര്‍ സ്വന്തമാക്കി. വെംഗറുടെ കീഴില്‍ ആഴ്‌സനലിന്റെ
ഏഴാം കിരീടം, ആകെ പതിമൂന്നാമത്തെയും.
