അഡ്‌‌ലെയ്ഡ്: ആഷസ് രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 353 റണ്‍സ് വിജയലക്ഷ്യം. നാലാം ദിനം നാല് വിക്കറ്റിന് 53 റണ്‍സ് എന്ന നിലയില്‍ കളിയാരംഭിച്ച ഓസീസ് 138ന് പുറത്തായി. 43 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജിമ്മി ആന്‍ഡേഴ്സനും 36 റണ്‍സിന് നാല് വിക്കറ്റുകള്‍ നേടിയ ക്രിസ് വോ‌ക്‌സുമാണ് കൂറ്റന്‍ ലീഡിലേക്ക് കുതിക്കുകയായിരുന്ന ഓസീസിനെ തളച്ചത്. എന്നാല്‍ ഒരു ദിവസം അവശേഷിക്കേ വിജയലക്ഷ്യം മറികടക്കാന്‍ ഇംഗ്ലണ്ടിന് വിയര്‍പ്പൊഴുക്കേണ്ടി വരും.

ക്രഗ് ഓവര്‍ട്ടണ്‍ ഒരു വിക്കറ്റ് വീഴ്‌ത്തി. ഓസീസ് നിരയില്‍ 20 റണ്‍സ് വീതം നേടിയ ഉസ്‌മാന്‍ ഖ്വാജയും മിച്ചല്‍ സ്റ്റാര്‍ക്കുമാണ് ടോപ് സ്കോറര്‍മാര്‍. മുന്‍നിരയും മധ്യനിരയും അപ്പാടെ തകര്‍ന്നപ്പോള്‍ വാലറ്റത്തിനും കാര്യമായൊന്നും ചെയ്യാനായില്ല. നേരത്തെ ഒന്നാം ഇന്നിംഗ്സില്‍ ഓസീസ് ഉയര്‍ത്തിയ 442 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ട് 227ന് പുറത്തായിരുന്നു. എന്നാല്‍ 215 റണ്‍സിന്‍റെ ലീഡ് നേടിയ ഓസീസിന് രണ്ടാം ഇന്നിംഗ്സില്‍ 138 റണ്‍സ് കൂടി മാത്രമേ ചേര്‍ക്കാനായുള്ളൂ.