ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യയുടെ ആര്‍ ആശ്വിനും രവീന്ദ്ര ജഡേജയ്ക്കും ചരിത്ര നേട്ടം. ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗില്‍ ഇരുവരും ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തി. നേരത്തെ ഒന്നാം റാങ്കിലായിരുന്ന അശ്വിന്‍ ഇംഗ്ലണ്ടിനെതിരായ മികച്ച പ്രകടനത്തോടെ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ജഡേജ രണ്ടാം റാങ്കിലേക്ക് ഉയര്‍ന്നു. 1974നുശഷം ഇതാദ്യമായാണ് രണ്ട് ഇന്ത്യന്‍ ബൗളര്‍മാര്‍ ഐസിസി ടെസ്റ്റ് റാങ്കിംഗിലെ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ എത്തുന്നത്. ബിഷന്‍ സിംഗ് ബേദിയും ബിഎസ് ചന്ദ്രശേഖറുമാണ് ഇരുവര്‍ക്കും മുമ്പ് ഈ ചരിത്രനേട്ടം കൈവരിച്ചവര്‍.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അശ്വിന്‍ 28 വിക്കറ്റെടുത്തപ്പോള്‍ ജഡേജ 26 വിക്കറ്റെടുത്തിരുന്നു. പരമ്പരില്‍ ഇംഗ്ലണ്ട് നിരയില്‍ വീണ 93 വിക്കറ്റുകളില്‍ 54ഉം ഇരുവരും ചേര്‍ന്ന് പങ്കുവെച്ചു. ജോഷ് ഹേസല്‍വുഡ്, ജെയിംസ് ആന്‍ഡേഴ്സണ്‍, ഡെയ്ല്‍ സ്റ്റെയിന്‍, രങ്കണ ഹെറാത്ത് എന്നിവരെ പിന്തള്ളിയാണ് ജഡേജ രണ്ടാം റാങ്കിലേക്ക് ഉയര്‍ന്നത്. സ്റ്റെയിനെയും ഹെറാത്തിനെയും പിന്തള്ളി ഒക്ടോബറിലാണ് അശ്വിന്‍ ഒന്നാം സ്ഥാനത്തെത്തിയത്.
ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ അശ്വിന്‍ തന്നെയാണ് ഒന്നാമത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ 224 റണ്‍സെടുത്ത ജഡേജ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
