ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ആറു വിക്കറ്റുകളുമായി ആര്‍ അശ്വിന്‍ വീണ്ടും ആഞ്ഞടിച്ചു. നാല്‍പ്പത്തിമൂന്നാമത്തെ ടെസ്റ്റ് മല്‍സരം കളിക്കുന്ന അശ്വിന്റെ ഇരുപത്തിമൂന്നാമത്തെ അഞ്ചുവിക്കറ്റ് നേട്ടമാണ് വാംഖഡെയിലേത്. ഒരു ഇന്നിംഗ്സില്‍ ഇരുപത്തിമൂന്നാമത്തെ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ച അശ്വിന്‍, ഇക്കാര്യത്തില്‍ കപില്‍ദേവിന്റെ റെക്കോര്‍ഡിനൊപ്പമെത്തി. പരിശീലകന്‍ അനില്‍ കുംബ്ലെയാണ് ഇന്ത്യയ്‌ക്കുവേണ്ടി ഏറ്റവുമധികം തവണ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ചത്. കുംബ്ലെ 35 തവണയാണ് അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. 18 വര്‍ഷം നീണ്ട കരിയറില്‍ 132 മല്‍സരങ്ങളാണ് കുംബ്ലെ കളിച്ചിട്ടുള്ളത്. അശ്വിന്റെ മുന്നില്‍ ഇനി കുംബ്ലെയും ഹര്‍ഭജനുമാണുള്ളത്. 103 ടെസ്റ്റ് മല്‍സരം കളിച്ചിട്ടുള്ള ഹര്‍ഭജന്‍ 25 തവണയാണ് അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ചിട്ടുള്ളത്.