ബംഗളൂരു: ഇന്ത്യാ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര കളിക്കളത്തിലെ പോരാട്ടം കൊണ്ടു മാത്രമല്ല കളിക്കാരുടെ വാക് പോരുകൊണ്ടുകൂടി ആവേശകരമാണ്. ഡിആര്‍എസിനെച്ചൊല്ലിയുള്ള വിവാദവും ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തുമായി കോലി കൊമ്പുകോര്‍ത്തതുമെല്ലാം ഇതില്‍ ചിലതുമാത്രം. കളിക്കളത്തിലെ ഓസീസിന്റെ അസഭ്യവര്‍ഷത്തിന് കോലിയുടെ നേതൃത്വത്തില്‍ അതേ നാണയത്തിലാണ് ഇന്ത്യ മറുപടി നല്‍കുന്നത്.

മിച്ചല്‍ സ്റ്റാര്‍ക്കും അശ്വിനും തമ്മിലുള്ള പോരാട്ടമായിരുന്നു നാലാം ദിനത്തെ കാണികളെ ആവേശകരമാക്കിയ മറ്റൊരു പോരാട്ടം. ഇതിന്റെ തുടക്കമാകട്ടെ മൂന്നാം ദിനത്തിലെ കളിയിലായിരുന്നുവെന്ന് മാത്രം. ഇന്ത്യന്‍ ഓപ്പണര്‍ അഭിനവ് മുകുന്ദ് സ്റ്റാര്‍ക്കിന്റെ പന്തില്‍ മൂന്നാം ദിനം സിക്സര്‍ നേടിയിരുന്നു. സ്റ്റാര്‍ക്കിന്റെ ബൗണ്‍സര്‍ മുകുന്ദിന്റെ ബാറ്റില്‍ ടോപ് എഡ്ജ് ചെയ്ത് സിക്സറായശേഷം സാറ്റാര്‍ക്ക് കാണിച്ച ആക്ഷനാണ് അശ്വിന്‍ സ്റ്റാര്‍ക്കിന് അതേനാണയത്തില്‍ മറുപടി നല്‍കിയത്.

തന്റെ നെറ്റിയിലേക്ക് ചൂണ്ടി മുകുന്ദിനെ കളിയാക്കിയ സ്റ്റാര്‍ക്കിനെ നാലാം ദിനം പുറത്താക്കിയശേഷം അശ്വിനും അതേ ആക്ഷനിലൂടെ കളിയാക്കിയത് ഇരുടീമുകളും തമ്മിലുള്ള മത്സരച്ചൂടിന്റെകൂടി നേര്‍സാക്ഷ്യമായി.