ആറ് റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടം. അഞ്ചിന് 87 എന്ന നിലയില്‍ തകര്‍ന്ന ബംഗ്ലാ കടുവകളെ 100 കടത്തി ഇമ്രുള്‍ കയീസ്- മഹമ്മുദുള്ള സഖ്യം. കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കര കയറാന്‍ ബംഗ്ലാദേശ് പൊരുതുന്നു...

അബുദാബി: ഏഷ്യാകപ്പ് സൂപ്പര്‍ ഫോറില്‍ അഫ്ഗാനിസ്ഥാനെതിരെ ബംഗ്ലാദേശിന് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാ കടുവകള്‍ക്ക് 18 റണ്‍സ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ടിന് ശ്രമിച്ച ലിത്തണ്‍ ദാസ്, മുഷ്‌ഫിഖര്‍ റഹീം സഖ്യവും പുറത്തായതോടെ ബംഗ്ലാദേശ് കുപ്പുകുത്തി. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 32 ഓവറില്‍ അഞ്ച് വിക്കറ്റിന് 139 റണ്‍സ് എന്ന നിലയിലാണ് ബംഗ്ലാദേശ്. 25 റണ്‍സുമായി ഇമ്രുള്‍ കയീസും 30 റണ്‍സുമായി മഹമ്മുദുള്ളയും ക്രീസിലുണ്ട്.

അഫ്‌ഗാന്‍ ബൗളിംഗിന് മുന്നില്‍ തലകുനിച്ചായിരുന്നു ബംഗ്ലാദേശിന്‍റെ തുടക്കം. ആറ് റണ്‍സെടുത്ത നസ്‌മുല്‍ ഹൊസൈനെ പേസര്‍ അഫ്‌താബ് ആലമും ഒരു റണ്ണെടുത്ത മുഹമ്മദ് മിഥുനെ സ്‌പിന്നര്‍ മുജീപ് സദ്രാനും പുറത്താക്കി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ലിത്തണ്‍ ദാസും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ മുഷ്‌‌ഫിഖര്‍ റഹീമും പ്രതിരോധമുയര്‍ത്തി. 43 പന്തില്‍ 41 റണ്‍സെടുത്ത ലിത്തണെ സ്‌പിന്നര്‍ റഷീദ് ഖാന്‍ പുറത്താക്കിയതോടെ കളി മാറി. ബംഗ്ലാദേശ് വീണ്ടും പ്രതിരോധത്തിലായി. പിന്നാലെ ഷാക്കിബ് അല്‍ ഹസനെ ഷേന്‍വാരി റണ്ണൗട്ടാക്കുകയും ചെയ്തു.

മുപ്പത്തിമൂന്നില്‍ നില്‍ക്കേ മുഷീഫിഖറിനെ നബി- റഷീദ് ഖാന്‍ സഖ്യം റണൗട്ടാക്കിയതോടെ ബംഗ്ലാദേശ് അഞ്ചിന് 87 എന്ന നിലയില്‍ തകര്‍ന്നു. എന്നാല്‍ ആറ് റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ടീമിനെ 100 കടത്തി ഇമ്രുള്‍ കയീസും മഹമ്മുദുള്ളയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.