ധോണി നായകനായി തിരിച്ചെത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ച് ആരാധകര്‍. ഏഷ്യാകപ്പില്‍ അഫ്‌ഗാനെതിരായ മത്സരത്തിലാണ് ഇന്ത്യയെ ധോണി നയിക്കുന്നത്. നായകനായി ധോണിയുടെ 200-ാം ഏകദിനം കൂടിയാണിത്.
ദുബായ്: രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എംഎസ് ധോണി ഇന്ത്യന്‍ നായകന്റെ തൊപ്പിയണിഞ്ഞിരിക്കുന്നു. ഏഷ്യാകപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ രോഹിത് ശര്‍മ്മയ്ക്ക് വിശ്രമം അനുവദിച്ചതിനാല്‍ ടീം ഇന്ത്യയെ നയിക്കുന്നത് ധോണിയാണ്. ഏകദിന നായകനായി ധോണി 200 മത്സരം പൂര്‍ത്തിയാക്കുന്നു എന്നതും മത്സരത്തിന്‍റെ സവിശേഷതയാണ്. 696 ദിവസത്തിന് ശേഷം 'തല' നായകനായി കളംനിറയുമ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ ആഹ്ലാദത്തിലാണ്.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകനായ ധോണിക്ക് കീഴില്‍ മൂന്ന് ഐസിസി ട്രോഫികള്‍ നീലപ്പടയ്ക്ക് നേടാനായിട്ടുണ്ട്. അതിനാലാണ് നായകനായി ധോണിയുടെ തിരിച്ചുവരവ് ക്രിക്കറ്റ് ലോകത്തെ ഇത്രയധികം സന്തോഷിപ്പിക്കുന്നത്.
രോഹിതിന് പുറമെ ശീഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍ ജസ്പ്രീത് ബൂംമ്ര, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ക്കും ഇന്ത്യ വിശ്രമം അനുവദിച്ചു. രോഹിത്തിന് പകരം കെ എല്‍ രാഹുല്‍ ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ധവാന് പകരം അംബാട്ടി റായിഡുവാണ് ഇന്ത്യയുടെ രണ്ടാം ഓപ്പണര്‍. ദീപക് ചഹാറും ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുന്നു. സിദ്ധാര്‍ത്ഥ കൗള്‍, ഖലീല്‍ അഹമ്മദ് എന്നിവരും ഇന്ത്യന്‍ ടീമിലുണ്ട്.
