ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ന് പാക്കിസ്ഥാനെ നേരിടാനിറങ്ങുന്ന ഇന്ത്യക്ക് മുന്നിലുള്ളത് വലിയ വെല്ലുവിളി. രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങള്‍ പാക്കിസ്ഥാനില്‍ നടക്കാതായതോടെ യുഎഇ ശരിക്കും പാക്കിസ്ഥാന്റെ ഹോം ഗ്രൗണ്ട് തന്നെയാണ്. പാക്കിസ്ഥാന്‍ ഏറ്റവും കൂടുതല്‍ കരുത്തു കാട്ടിയിട്ടുള്ളതും ഇവിടെ തന്നെയാണ്. വിരാട് കോലിയുടെ അഭാവത്തില്‍ പാക്കിസ്ഥാനെ നേരിടാനിറങ്ങുമ്പോള്‍ ഈ കണക്കുകള്‍ കൂടി ഇന്ത്യക്ക് കണക്കിലെടുക്കേണ്ടിവരും. 

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ന് പാക്കിസ്ഥാനെ നേരിടാനിറങ്ങുന്ന ഇന്ത്യക്ക് മുന്നിലുള്ളത് വലിയ വെല്ലുവിളി. രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങള്‍ പാക്കിസ്ഥാനില്‍ നടക്കാതായതോടെ യുഎഇ ശരിക്കും പാക്കിസ്ഥാന്റെ ഹോം ഗ്രൗണ്ട് തന്നെയാണ്. പാക്കിസ്ഥാന്‍ ഏറ്റവും കൂടുതല്‍ കരുത്തു കാട്ടിയിട്ടുള്ളതും ഇവിടെ തന്നെയാണ്. വിരാട് കോലിയുടെ അഭാവത്തില്‍ പാക്കിസ്ഥാനെ നേരിടാനിറങ്ങുമ്പോള്‍ ഈ കണക്കുകള്‍ കൂടി ഇന്ത്യക്ക് കണക്കിലെടുക്കേണ്ടിവരും.

യുഎഇയില്‍ അവസാനം കളിച്ച ഒമ്പത് ഏകദിനങ്ങളില്‍ ഒന്നില്‍പോലും പാക്കിസ്ഥാന്‍ തോറ്റിട്ടില്ല. ഇവിടെ അവസാനമായി പാക്കിസ്ഥാന്‍ തോറ്റതാകട്ടെ 2015 നവംബറില്‍ ഇംഗ്ലണ്ടിനെതിരെയാണ്. അതുകൊണ്ടുതന്നെ ഇന്ന് പാക്കിസ്ഥാനെ കീഴടക്കിയാല്‍ മൂന്ന് വര്‍ഷത്തിനുശേഷം യുഎഇയില്‍ പാക്കിസ്ഥാനെ കീഴടക്കുന്ന ആദ്യ ടീമെന്ന നേട്ടം ഇന്ത്യക്ക് സ്വന്തമാവും.

എങ്കിലും ഇന്ത്യക്ക് ആശ്വാസം പകരുന്ന ചില കണക്കുകള്‍ കൂടിയുണ്ട്. അതിലൊന്ന് മുഹമ്മദ് അമീറിന്റെ മോശം ഫോമാണ്. കഴിഞ്ഞ ആറ് ഏകദിനങ്ങളില്‍ 45 ഓവര്‍ എറിഞ്ഞ അമീര്‍ 163 റണ്‍സ് വഴങ്ങി നേടിയത് ഒരേയൊരു വിക്കറ്റാണ്. ഇന്ന് നിര്‍ണായകമാവുന്ന മറ്റൊരു കാര്യം ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഫോമാവും. ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരെ മൂന്ന് അര്‍ധസെഞ്ചുറികളുള്ള അപൂര്‍വം ബാറ്റ്സ്മാന്‍മാരില്‍ ഒരാളാണ് രോഹിത്. ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരെ അവസാനം കളിച്ച അഞ്ച് കളികളില്‍ 0*, 58, 22, 68 56 എന്നിങ്ങനെയാണ് രോഹിത്തിന്റെ സ്കോര്‍.

ഏഷ്യാ കപ്പില്‍ ഇതുവരെ 11 തവണ ഏറ്റുമുട്ടിയതില്‍ പാക്കിസ്ഥാനും ഇന്ത്യയും അഞ്ച് വീതം ജയങ്ങള്‍ നേടി. ഒരെണ്ണം ഫലമില്ലാതായി. 2010നുശേഷം പരസ്പരം ഏറ്റുമുട്ടിയ 11 ഏകദിനങ്ങളില്‍ ഏഴിലും ജയിച്ചുവെന്നത് ഇന്ത്യയുടെ ആത്മവിശ്വാസം കൂട്ടും. പാക് നിരയില്‍ ഷൊയൈബ് മാലിക്കാവും ഇന്ത്യക്ക് ഭീഷണിയായേക്കാവുന്ന ഒരു താരം. ഏഷ്യാ കപ്പില്‍ മാത്രം ഇന്ത്യക്കെതിരെ കളിച്ച മൂന്ന് കളികളില്‍ 307 റണ്‍സാണ് മാലിക്ക് അടിച്ചെടുത്തത്.