ഏഷ്യാ കപ്പില്‍ ഇന്ത്യയെ വിറപ്പിച്ച് ഹോങ്കോംഗ് കീഴടങ്ങിയപ്പോള്‍ നിര്‍ണായകമായത് ഇന്ത്യന്‍ സ്പിന്നര്‍മാരുടെ മികവായിരുന്നു. തുടക്കത്തില്‍ ഇന്ത്യന്‍ സ്പിന്നര്‍മാരെ ഫലപ്രദമായി നേരിട്ടെങ്കിലും കുല്‍ദീപിന്റെയും ചാഹലിന്റെയും ഗൂഗ്ലികള്‍ക്ക് മുന്നില്‍ ഒടുവില്‍ ഹോങ്കോംഗ് വീണു.

ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യയെ വിറപ്പിച്ച് ഹോങ്കോംഗ് കീഴടങ്ങിയപ്പോള്‍ നിര്‍ണായകമായത് ഇന്ത്യന്‍ സ്പിന്നര്‍മാരുടെ മികവായിരുന്നു. തുടക്കത്തില്‍ ഇന്ത്യന്‍ സ്പിന്നര്‍മാരെ ഫലപ്രദമായി നേരിട്ടെങ്കിലും കുല്‍ദീപിന്റെയും ചാഹലിന്റെയും ഗൂഗ്ലികള്‍ക്ക് മുന്നില്‍ ഒടുവില്‍ ഹോങ്കോംഗ് വീണു. 42 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത കുല്‍ദീപ് ഏകദിന ക്രിക്കറ്റില്‍ 50 വിക്കറ്റ് നേട്ടം സ്വന്തമാക്കിയതിനൊപ്പം അതിവേഗം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ സ്പിന്നറുമായി.

24 ഏകദിനങ്ങളില്‍ നിന്നാണ് കുല്‍ദീപ് 50 വിക്കറ്റ് തികച്ചത്. ഇന്ത്യന്‍ സ്പിന്നര്‍മാരില്‍ 32 ഏകദിനങ്ങളില്‍ നിന്ന് 50 വിക്കറ്റെടുത്തിട്ടുള്ള അമിത് മിശ്രയുടെ റെക്കോര്‍ഡാണ് കുല്‍ദീപ് തിരുത്തിയത്. അതിവേഗം 50 വിക്കറ്റ് തികക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബൗളറുമാണ് കുല്‍ദീപ്. 23 ഏകദിനങ്ങളില്‍ 50 വിക്കറ്റ് തികച്ച അജിത് അഗാര്‍ക്കറാണ് ഈ നേട്ടത്തില്‍ കുല്‍ദീപിന് മുന്നിലുള്ളത്.

19 ഏകദിനങ്ങളില്‍ 50 വിക്കറ്റ് തികച്ച ശ്രീലങ്കയുടെ അജന്ത മെന്‍ഡിസിന്റെ പേരിലാണ് ഏകദിനങ്ങളില്‍ അതിവേഗം 50 വിക്കറ്റ് തികച്ചതിന്റെ ലോക റെക്കോര്‍ഡ്. മിച്ചല്‍ മക്‌ലെനാഗന്‍(23), അജിത് അഗാര്‍ക്കര്‍(23) എന്നിവരാണ് ലോക ക്രിക്കറ്റില്‍ അതിവേഗം 50 വിക്കറ്റ് തികച്ചവരില്‍ കുല്‍ദീപിന് മുന്നിലുള്ളവര്‍.