പതിനാറ് മാസങ്ങള്‍ക്ക് ശേഷം ദേശീയ കുപ്പായത്തില്‍ മലിംഗ മടങ്ങിയെത്തിയത് ആദ്യ ഓവറില്‍ ഒരു റണ്‍സിന് രണ്ട് വിക്കറ്റ് കൊയ്‌തുകൊണ്ട്. ബംഗ്ലാദേശിനെതിരെ 10 ഓവറില്‍ 23 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് താരം വീഴ്‌ത്തിയത്.
ദുബായ്: ശ്രീലങ്കന്‍ കുപ്പായത്തില്‍ 16 മാസങ്ങള്‍ക്ക് ശേഷം പേസര്‍ ലസിത് മലിംഗയുടെ തകര്‍പ്പന്‍ മടങ്ങിവരവ്. ബംഗ്ലാദേശിനെതിരെ 10 ഓവറില്‍ 23 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ മലിംഗ വീഴ്‌ത്തി. പ്രതാപകാലം ഓര്‍മ്മിപ്പിച്ച് 140 കി.മിയിലധികം വേഗത്തില്‍ യോര്‍ക്കറുകള്‍ ചീറിപ്പാഞ്ഞു. ആദ്യ ഓവറില്‍ ഒരു റണ്‍സെടുക്കുന്നതിനിടെ രണ്ട് ബംഗ്ലാ വിക്കറ്റുകള്‍ വീഴ്‌ത്തിയാണ് മലിംഗ മടങ്ങിവരവ് ആഘോഷത്തിന് തുടക്കമിട്ടത്. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ ഓപ്പണര്‍ ലിതണ്‍ ദാസിനെ കുശാല്‍ മെന്‍ഡിസിന്‍റെ കൈകളിലെത്തിച്ചപ്പോള്‍ അവസാന പന്തില്‍ ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസനെ ബൗള്‍ഡാക്കി.
മൂന്നാം വിക്കറ്റിലെ സെഞ്ചുറി കൂട്ടുകെട്ട് പൊളിച്ച് നിര്‍ണായക വഴിത്തിരുവുണ്ടാക്കിയതും മലിംഗയാണ്. ഒരു റണ്ണിന് രണ്ട് വിക്കറ്റ് എന്ന നിലയില്‍ തുടക്കം തകര്‍ന്ന ബംഗ്ലാ കടുവകളെ കരയറ്റിയത് മുഷ്‌ഫിഖര്‍ റഹീം- മുഹമ്മദ് മിഥുന്‍ കൂട്ടുകെട്ടായിരുന്നു. 26-ാം ഓവറില്‍ വ്യക്തിഗത സ്‌കോര്‍ 63ല്‍ നില്‍ക്കേ മിഥുനെ പെരേരയുടെ കൈകളിലെത്തിച്ച് മലിംഗ ആഞ്ഞടിച്ചു. 133 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്തത്. 27-ാം ഓവറിലെ അവസാന പന്തില്‍ മൊസദേക് ഹൊസൈനിനെയും മലിംഗ പെരേരയുടെ അടുക്കല്‍ അവസാനിപ്പിച്ചു. ഇതോടെ മലിംഗ ആറ് ഓവറില്‍ 12 റണ്‍സിന് കൊയ്‌തത് നാല് വിക്കറ്റ്.
പിന്നീടുള്ള നാല് ഓവറില്‍ വിക്കറ്റുകളൊന്നും നേടാനായില്ലെങ്കിലും 11 റണ്‍സ് കൂടിയേ മലിംഗ വിട്ടുകൊടുത്തുള്ളൂ. ആകെയെറിഞ്ഞ പത്തില്‍ രണ്ട് ഓവറുകള്‍ റണ്‍സ് വഴങ്ങാതെയും യോര്‍ക്കര്‍ കിംഗ് മാന്ത്രികത കാട്ടി. മൂന്ന് വൈഡുകളും ഒരു നോ ബോളുമാണ് വിട്ടുകൊടുത്ത എക്‌സ്‌ട്രാ റണ്‍സ്. മുപ്പത്തിയഞ്ചാം വയസില്‍ ടീമില്‍ തിരിച്ചെത്തി മലിംഗ താരമായപ്പോള്‍ ദുബായ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയം ഇതിഹാസത്തെ അത്ഭുത പന്തുകള്‍ കൊണ്ട് വരവേല്‍ക്കുകയായിരുന്നു.
