കോലിക്ക് പകരം രോഹിത് ശര്‍മ്മ നായകന്‍. യുവ പേസര്‍ ഖലീല്‍ അഹമ്മദ് ടീമിലെ ഏക പുതുമുഖം. യുഎഇയില്‍ സെപ്റ്റംബര്‍ 15ന് ഏഷ്യാകപ്പിന് തുടക്കമാവും.
മുംബൈ: നായകന്‍ വിരാട് കോലിക്ക് വിശ്രമം നല്‍കി ഏഷ്യാകപ്പിനുള്ള 16 അംഗ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. കോലിക്ക് പകരം രോഹിത് ശര്‍മ്മയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുക. രാജസ്‌ഥാനില്‍ നിന്നുള്ള 20കാരനായ പേസര്‍ ഖലീല്‍ അഹമ്മദാണ് ടീമിലെ ഏക പുതുമുഖം. 2016 അണ്ടര്‍ 19 ലോകകപ്പ് ടീമില്‍ അംഗമായിരുന്നു ഖലീല്‍.
അമ്പാട്ടി റായുഡുവും കേദാര്‍ ജാദവും തിരിച്ചെത്തിയതും പരിക്കിന്‍റെ പിടിയിലായിരുന്ന ഭുവനേശ്വര്‍ കുമാര്‍ ടീമില്‍ ഇടംപിടിച്ചതും ശ്രദ്ധേയമാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി എംഎസ് ധോണിയും തിരിച്ചെത്തി. ദിനേശ് കാര്‍ത്തിക്കിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചീഫ് സെലക്‌ടര്‍ എംഎസ്‌കെ പ്രസാദാണ് ടീമിനെ പ്രഖ്യാപിച്ചത്. യുഎഇയില്‍ സെപ്റ്റംബര്‍ 15നാണ് ഏഷ്യാകപ്പ് ആരംഭിക്കുന്നത്. 18-ാം തീയതിയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
