ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായില്‍ നടത്തുന്നതിനെതിരെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം നായകന്‍ സര്‍ഫ്രാസ് അഹമ്മദ്. മറ്റ് ടീമുകള്‍ ദുബായിലും അബുദാബിയിലുമായി കളിക്കുമ്പോള്‍ ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം ദുബായിലാക്കിയത് ശരിയല്ലെന്ന് സര്‍ഫ്രാസ് മത്സരത്തലേന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായില്‍ നടത്തുന്നതിനെതിരെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം നായകന്‍ സര്‍ഫ്രാസ് അഹമ്മദ്. മറ്റ് ടീമുകള്‍ ദുബായിലും അബുദാബിയിലുമായി കളിക്കുമ്പോള്‍ ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം ദുബായിലാക്കിയത് ശരിയല്ലെന്ന് സര്‍ഫ്രാസ് മത്സരത്തലേന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇന്ത്യ രണ്ട് മത്സരങ്ങള്‍ അബുദാബിയില്‍ കളിക്കേണ്ടതായിരുന്നെങ്കിലും ബിസിസിഐ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഇത് ദുബായിലേക്ക് മാറ്റുകയായിരുന്നുവെന്നാണ് ആരോപണം. ഇത് ശരിവെക്കുന്നതരത്തിലാണ് സര്‍ഫ്രാസിന്റെ പ്രതികരണം.
അബുദാബിയില്‍ നിന്ന് ദുബായിലേക്ക് ഒന്നരമണിക്കൂര്‍ യാത്രയുണ്ട്. ഇത് കഴിഞ്ഞ് ഒരു ദിവസത്തെ ഇടവേളയില്‍ കളിക്കാനിറങ്ങുന്നവര്‍ തീര്‍ച്ചയായും ക്ഷീണിതരായിരിക്കും. നിയമം എല്ലാ ടീമുകള്‍ക്കും ഒരുപോലെയായിരിക്കണം. ഗ്രൂപ്പ് ഘട്ടത്തിലെ കളി തോറ്റാലും ഇന്ത്യക്ക് ദുബായില്‍ തന്നെ കളിക്കാനാവും. ഇക്കാര്യത്തെക്കുറിച്ച് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ നിലപാട് എന്താണെന്ന് തനിക്കറിയില്ല. പക്ഷെ പാക് ക്രിക്കറ്റ് ബോര്‍ഡ് ഇക്കാര്യം ഗൗരവമായി കാണുന്നുണ്ടെന്നും സര്‍ഫ്രാസ് പറഞ്ഞു.
അബുദാബിയിലേക്കാള്‍ വലിയ സ്റ്റേഡിയമാണ് ദുബായിലേത്. 25000 പേര്‍ക്കിരിക്കാവുന്ന ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലെ ഗേറ്റ് വരുമാനം ബിസിസിഐക്കാണ്. ഇതാണ് ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായില്‍ നടത്താന്‍ കാരണമെന്നാണ് ബിസിസിഐയോട് അടുത്തവൃത്തങ്ങള്‍ പറയുന്നത്.
അതേസമയം, ടൂര്‍ണമെന്റിന്റെ മത്സരക്രമത്തെക്കുറിച്ച് ഇന്ത്യ നേരത്തെ പരാതി ഉന്നയിച്ചിരുന്നു. ഹോങ്കോംഗിനെതിരായ മത്സരത്തിന്റെ തൊട്ടടുത്ത ദിവസം ഇന്ത്യ പാക്കിസ്ഥാനുമായി കളിക്കേണ്ടിവരുന്നതാണ് മത്സരക്രമം. പാക്കിസ്ഥാനാകട്ടെ രണ്ടുദിവസത്തെ വിശ്രമത്തിനുശേഷമാണ് ഇന്ന് ഇന്ത്യക്കെതിരെ ഇറങ്ങുന്നത്
