ഏഷ്യാകപ്പില്‍ നായകനെന്ന നിലയില്‍ രോഹിത് ശര്‍മ്മ ഉത്തരവാദിത്വം കാട്ടുന്നുവെന്ന് ഇതിഹാസ താരം. മൂന്ന് മത്സരങ്ങളില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ രോഹിതിന് രണ്ട് അര്‍ദ്ധ സെഞ്ചുറികള്‍ നേടാനായി...

ദുബായ്: ഏഷ്യാകപ്പില്‍ സ്ഥിരം നായകന്‍ വിരാട് കോലിയുടെ അഭാവത്തില്‍ ഇന്ത്യ തകരുമോ എന്ന ആശങ്ക ക്രിക്കറ്റ് വിദഗ്ധര്‍ക്ക് പോലുമുണ്ടായിരുന്നു. എന്നാല്‍ കോലി ഇല്ലെങ്കിലും യുഎഇയില്‍ നായകന്റെ തൊപ്പിയണിഞ്ഞ രോഹിത് ശര്‍മ്മ ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ചു. രോഹിതിന് കീഴില്‍ ഇന്ത്യ ആദ്യ മൂന്ന് മത്സരങ്ങള്‍ ജയിച്ചു. മാത്രമല്ല, ബാറ്റിംഗിലും തിളങ്ങിയ ഹിറ്റ്‌മാന്‍ രണ്ട് അര്‍ദ്ധ സെഞ്ചുറികളും കുറിച്ചു. ടീമിനെ മുന്നില്‍ നിന്ന് നയിക്കുന്ന രോഹിതിനെ പ്രശംസിക്കുകയാണ് മുന്‍ നായകന്‍ ഗവാസ്കര്‍.

രോഹിത് ശര്‍മ്മയുടെ നായക ശേഷിയെക്കുറിച്ചാണ് ഇപ്പോഴത്തെ ചര്‍ച്ച. ഉത്തരവാദിത്വം അദേഹത്തെ വളര്‍ത്തിയിരിക്കുന്നു. ഡ്രിസിംഗ് റൂമിലല്ല, മൈതാനത്ത് സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് തീരുമാനങ്ങളെടുക്കുന്നവനാണ് മികച്ച നായകനും ഇതിഹാസ താരം പറഞ്ഞു. ഏകദിനത്തില്‍ നായകനായി 83.33 വിജയശരാശരി രോഹിതിനുണ്ട്. ഏഷ്യാകപ്പില്‍ രോഹിതിന് കീഴില്‍ കപ്പുയര്‍ത്താമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ടീം. ഏഷ്യാകപ്പില്‍ 23, 83, 52 എന്നിങ്ങനെയാണ് ഇതുവരെ ഇന്ത്യന്‍ നായകന്‍റെ സ്‌കോര്‍.