ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ വിചിത്ര നിര്‍‍ദേശത്തില്‍ വലഞ്ഞ് ടെന്നീസ് താരങ്ങള്‍. സ്‌പോണ്‍സര്‍മാര്‍ നല്‍കിയ പോക്കറ്റില്ലാത്ത ഷോര്‍ട്ട്സ് ധരിക്കണമെന്നാണ്   ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ നിര്‍ദേശം.

ജക്കാര്‍ത്ത: ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ വിചിത്ര നിര്‍‍ദേശത്തില്‍ വലഞ്ഞ് ടെന്നീസ് താരങ്ങള്‍. സ്‌പോണ്‍സര്‍മാര്‍ നല്‍കിയ പോക്കറ്റില്ലാത്ത ഷോര്‍ട്ട്സ് ധരിക്കണമെന്നാണ് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ നിര്‍ദേശം.

ടെന്നീസ് താരങ്ങള്‍ സെര്‍വ് ചെയ്യുന്നതിനായി ബോള്‍ ബോയ്സിന്റെ കൈയില്‍ നിന്ന് മേടിക്കുന്ന പന്ത് ഷോര്‍ട്സിന്റെ പോക്കറ്റില്‍ വെക്കുകയാണ് പുരുഷ താരങ്ങളുടെ രീതി. ലോകത്തെവിടെയും ഇതാണ് പതിവും. എന്നാല്‍ ഏഷ്യന്‍ ഗെയിംസില്‍ മത്സരിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ അങ്ങനെ ചെയ്യുന്നതിനോട് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് (ഐഒഎ) താല്‍പര്യമില്ല. ഇന്ത്യന്‍ താരങ്ങളുടെ കിറ്റ് സ്പോണ്‍സര്‍മാര്‍ നല്‍കുന്ന ഷോര്‍ട്സ് മാത്രം ധരിച്ചാല്‍ മതിയെന്നാണ് ഐഒഎയുടെ നിര്‍ദേശം.

സ്പോണ്‍സര്‍മാര്‍ നല്‍കിയ ഈ ഷോര്‍ട്സുകള്‍ക്കാകട്ടെ പോക്കറ്റുമില്ല. പോക്കറ്റുകളില്ലാത്ത ഷോര്‍ട്സുമായി എങ്ങനെ കോര്‍ട്ടിലിറങ്ങുമെന്ന് ടെന്നീസ് താരങ്ങളുടെ സംശയം. ഈ വിഷയത്തില്‍ ഐഒഎയുടെ പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.