ചെന്നൈ: ഇന്ത്യാ-ഓസ്ട്രേലിയ ഏകദിന പരമ്പരയ്ക്ക് ചെന്നൈയില്‍ തുടക്കമായപ്പോള്‍ പരമ്പര ആരുനേടുമെന്ന പ്രവചനവുമായി എത്തിയിരിക്കുകയാണ് ഒരു ഓസ്ട്രേലിയന്‍ ജ്യോതിഷി. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരിയെങ്കിലും ഓസ്ട്രേലിയ ഇന്ത്യയെ ശരിക്കും വെള്ളംകുടിപ്പിക്കുമെന്ന് ജ്യോതിഷിയായ ഗ്രീന്‍സ്റ്റോണ്‍ ലോബോ പ്രവചിക്കുന്നു. ഒപ്പം പരമ്പര 3-2ന് ഓസ്ട്രേലിയ നേടുമെന്നും.
ആരോണ്‍ ഫിഞ്ചിന് പകരം ടീമിലെത്തി ഓസ്ട്രേലിയന്‍ താരം ട്രാവിസ് ഹെഡ്ഡ് പരമ്പരയില്‍ മികച്ച പ്രകടനം നടത്തുമെന്നും മിച്ചല്‍ സ്റ്റാര്‍ക്കും ഹേസല്‍വുഡുമില്ലെങ്കിലും കോള്‍ട്ടര്‍നൈലും കമിന്‍സും അടങ്ങിയ ഓസീസ് പേസ് നിര പരമ്പരയില്‍ മികവ് കാച്ചുമെന്നും ലോബോ പറയുന്നു. സ്പിന്നര്‍ ആദം സാംപയ്ക്കും പരമ്പരയില്‍ വലിയ പങ്കു വഹിക്കാനാകുമെന്നും ഓസീസിനായി നിര്‍ണായക വിക്കറ്റുകള്‍ സാംപ നേടുമെന്നും ലോബോ വ്യക്തമാക്കി.
ബാറ്റ്സ്മാന്‍മാരില്‍ വാര്‍ണറും മാക്സ്‌വെല്ലുമാകും ഓസീസിനായി തിളങ്ങുക. എന്നാല്‍ സ്പിന്നര്‍മാരുടെ മികവില്‍ പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ ഇന്ത്യ ജയിക്കുമെന്നും പ്രവചനത്തിലുണ്ട്. ഇന്ത്യക്കായി രോഹിത് ശര്‍മയും ക്യാപ്റ്റന്‍ വിരാട് കോലിയുമാകും ഏറ്റവും കൂടുതല്‍ തിളങ്ങുക.
