കാന്‍ബറ: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തിലും കൂറ്റന്‍ ജയം സ്വന്തമാക്കിയ ഓസ്ട്രേലിയ മൂന്ന് മത്സരങ്ങളടങ്ങിയ ചാപ്പല്‍-ഹാഡ്ലി ട്രോഫി സ്വന്തമാക്കി. രണ്ടാം ഏകദിനത്തില്‍ 116 റണ്‍സിനാണ് ഓസീസ് കീവീസിനെ കീഴടക്കിയത്. ഓസ്ട്രേലിയ 50 ഓവറില്‍ 378/5, ന്യൂസിലന്‍ഡ് 47.2 ഓവറില്‍ 262ന് ഓള്‍ ഔട്ട്.

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ സെഞ്ചുറിയുടെയും(115 പന്തില്‍ 119) ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത്(72), ടിം ഹെഡ്(32 പന്തില്‍ 57), മിച്ചല്‍ മാര്‍ഷ്(40 പന്തില്‍ 76 നോട്ടൗട്ട്) എന്നിവരുടെ അര്‍ധസെഞ്ചുറികളുടെ മികവില്‍ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 378 റണ്‍സെടുത്തു.

മറുപടി ബാറ്റിംഗില്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യാംസണ്‍(81), ജിമ്മി നീഷാം(74) എന്നിവര്‍ മാത്രമെ കീവീസിനായി പൊരുതിയുള്ളു. കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറി നേടിയ മാര്‍ട്ടിന്‍ ഗപ്ടില്‍ 45 റണ്‍സെടുത്തു. ഓസീസിനായി പാറ്റ് കമിന്‍സ് നാലു വിക്കറ്റെടുത്തപ്പോള്‍ സ്റ്റാര്‍ക്കും ഹേസല്‍വുഡും രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി.