യുവേഫ നാഷന്‍സ് ലീഗില്‍ ഇറ്റലിക്കെതിരായ മത്സരത്തില്‍ ഫ്രാന്‍സ് ക്യാപ്‌റ്റന്‍ കിലിയന്‍ എംബാപെ കളിക്കില്ല. പേശീവലിവ് കാരണം പരിശീലന സെഷനില്‍ നിന്ന് വിട്ടുനിന്ന എംബാപെയെ ഒഴിവാക്കിയാണ് കോച്ച് സിനദിന്‍ സിദാന്‍ ടീം പ്രഖ്യാപിച്ചത്.
മിലാന്‍: യുവേഫ നാഷന്‍സ് ലീഗില്‍ ഇറ്റലിക്കെതിരായ മത്സരത്തില്‍ ഫ്രാന്‍സ് ക്യാപ്‌റ്റന്‍ കിലിയന്‍ എംബാപെ കളിക്കില്ല. പേശീവലിവ് കാരണം പരിശീലന സെഷനില്‍ നിന്ന് വിട്ടുനിന്ന എംബാപെയെ ഒഴിവാക്കിയാണ് കോച്ച് സിനദിന്‍ സിദാന്‍ ടീം പ്രഖ്യാപിച്ചത്. ഇതോടെ പി എസ് ജിയുടെ ഇരുപത് വയസുള്ള സെന്നി മയുലുവിനെ സീനിയര്‍ ടീമിലേക്ക് ആദ്യമായി ഉള്‍പ്പെടുത്തി. ക്ലബ്ബ് ഫുട്‌ബോളിലും അണ്ടര്‍ 21 അന്താരാഷ്ട്ര മത്സരങ്ങളിലും മികച്ച ഫോമില്‍ കളിക്കുന്ന മയുലുവിനെ സിദാന്‍ സീനിയര്‍ ടീമിലേക്ക് ക്ഷണിച്ചത് ഭാവി പദ്ധതികളുടെ ഭാഗമാക്കാനാണ്. ഇറ്റലിയിലെ സാന്‍സിറോയില്‍ വെള്ളിയാഴ്‌ച ഇന്ത്യന്‍ സമയം രാത്രി 1.15നാണ് മത്സരം.
നേരത്തെ പരിക്കേറ്റ മാര്‍ക്ക് തുറാമിന് പകരമായി ബേണ്‍മൗത്ത് സ്‌ട്രൈക്കര്‍ എലെ ജൂനിയര്‍ ക്രൂപിയെയും സിദാന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഓറേലിയന്‍ ചൗമേനി, പിയറി കലുലു, ഉസ്‌മാന്‍ ഡെംബെലെ, വില്യം സാലിബ തുടങ്ങിയ പ്രമുഖ താരങ്ങളും പരിക്ക് കാരണം ഫ്രഞ്ച് നിരയിലില്ല.

ഗ്രൂപ്പില്‍ നാല് മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയവും ഒരു സമനിലയുമായി ഫ്രാന്‍സാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്. ഇറ്റലിക്കെതിരെ വിജയിക്കുകയോ സമനില നേടുകയോ ചെയ്‌താല്‍ ഫ്രാന്‍സിന് യുവേഫ നാഷന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ യോഗ്യത ഉറപ്പിക്കാന്‍ കഴിയും.
എംബാപെയുടെ പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ ഞായറാഴ്‌ച തുര്‍ക്കിക്കെതിരെ നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ താരം തിരിച്ചെത്താന്‍ സാധ്യതയുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK












