മെല്‍ബണ്‍: തനിക്ക് ശ്വാസകോശത്തെ ബാധിക്കുന്ന ഗുരുതര രോഗമുണ്ടെന്ന് വെളിപ്പെടുത്തി ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ജോണ്‍ ഹേസ്റ്റിംഗ്‌സ് ശ്വാസകോശത്തില്‍ രക്തസ്രാവം ഉണ്ടെന്നും ഇത് മാരകമായേക്കാമെന്നും ഹേസ്റ്റിംഗ്‌സ് പറഞ്ഞു. വിശദമായ പരിശോധനകള്‍ക്ക് വിധേയനായെങ്കിലും രോഗകാരണം കണ്ടെത്താനായിട്ടില്ലെന്നും ഹേസ്റ്റിംഗ്‌സ് പറഞ്ഞു.

കഴിഞ്ഞ മൂന്ന് നാലു മാസമായി ബൗള്‍ ചെയ്യാന്‍ തയാറെടുക്കുമ്പോള്‍ ശക്തമായ ചുമ വരികയും രക്തം ഛര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് പരിശോധനകള്‍ക്ക് വിധേയനായത്. കുറച്ചുവര്‍ഷങ്ങളായി ഈ പ്രശ്നം അലട്ടുന്നുണ്ടെങ്കിലും അടുത്തിടെയാണ് ഇത് ഗുരുതരമായത്.

 ക്രിക്കറ്റില്‍ തുടരാന്‍ ആഗ്രമുണ്ടെങ്കിലും അത്ഭുതങ്ങളെന്തെങ്കിലും സംഭവിച്ചില്ലെങ്കില്‍ ഈ വര്‍ഷം ഇനി തനിക്ക് ബൗള്‍ ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും ഹേസ്റ്റിംഗ്സ്  പറഞ്ഞു. ഇപ്പോള്‍ ബൗള്‍ ചെയ്യാന്‍ തുടങ്ങുമ്പോഴൊക്കെ ചുമയും രക്തം ഛര്‍ദ്ദിക്കുകയുമാണ്.

ഓസീസിനായി 29 ഏകദിനങ്ങളിലും ഒമ്പത് ട്വന്റി-20 മത്സരങ്ങളിലും കളിച്ചിട്ടുള്ള ഹേസ്റ്റിംഗ്സ് അടുത്തിടെ ഏകദിനങ്ങളില്‍ നിന്നും ചതുര്‍ദിന മത്സരങ്ങളില്‍ നിന്നും വിരമിച്ചിരുന്നു. ബിഗ് ബാഷ് ലീഗില്‍ സിഡ്നി സിക്സേഴ്സിനായി കളിക്കാന്‍ ഹേസ്റ്റിംഗ്സ് കരാറൊപ്പിട്ടിരുന്നു.