ബാംഗ്ലൂര്‍: ഇന്ത്യയ്ക്കെതിരായ നാലാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയ്ക്ക് മികച്ച തുടക്കം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 19 ഓവറില്‍ വിക്കറ്റ് നഷ്‌ടം കൂടാതെ 126 റണ്‍സ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ. 70 റണ്‍സോടെ ഡേവിഡ് വാര്‍ണറും 46 റണ്‍സോടെ ആരോണ്‍ ഫിഞ്ചുമാണ് ക്രീസില്‍. 62 പന്തില്‍ ഒമ്പത് ബൗണ്ടറികളും രണ്ടു സിക്‌സറുകളും ഉള്‍പ്പടെയാണ് വാര്‍ണര്‍ 70 റണ്‍സെടുത്തത്. ആദ്യ മൂന്നു മല്‍സരങ്ങളും വിജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. തുടര്‍ച്ചയായ പത്താം ഏകദിന വിജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ബംഗളുരുവില്‍ ഇറങ്ങിയത്. മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യ ബംഗളരുവില്‍ കളിക്കാന്‍ ഇറങ്ങിയത്. കുല്‍ദീപ്, ബൂംറ, ഭുവനേശ്വര്‍ എന്നിവരെ ടീമില്‍നിന്ന് ഒഴിവാക്കിയപ്പോള്‍, ഉമേഷ് യാദവ്, മൊഹമ്മദ് ഷമി, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ മടങ്ങിയെത്തി. ഓസീസ് ടീമില്‍ രണ്ടു മാറ്റങ്ങളാണുള്ളത്. മാക്‌സ്‌വെലിന് പകരം വാഡെയും സാംബയ്‌ക്ക് പകരം അഗറും ടീമില്‍ തിരിച്ചെത്തി.