ദുബായ്: ഓസ്‌ട്രേലിയെ മറികടന്ന് ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ ഒന്നാമതെത്തി. ഓസിസിനെതിരായ ടെസ്റ്റ് പരമ്പര ശ്രീലങ്ക തൂത്തുവാരിയതോടെയാണ് റാങ്കിംഗില്‍ രണ്ടാമതായിരുന്ന ഇന്ത്യ ഒന്നാം സ്ഥാനത്തേക്കു കയറിയത്. മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ ഒന്നില്‍പോലും ജയിക്കാന്‍ റാങ്കിംഗില്‍ മുമ്പന്‍മാരായിരുന്ന ഓസീസിനു കഴിഞ്ഞില്ല. ഇതോടെ ഓസീസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 

പാക്കിസ്ഥാനാണ് രണ്ടാം സ്ഥാനത്ത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പര വിജയമാണ് ഇന്ത്യയെ റാങ്കിംഗില്‍ മുന്നേറാന്‍ സഹായിച്ചത്. നാലു ടെസ്റ്റുള്ള പരമ്പരയില്‍ ഇന്ത്യ രണ്ട് മത്സരത്തില്‍ വിജയിച്ചു. ഒരു മത്സരം സമനിലയിലായി. പരമ്പരയിലെ അവസാന മത്സരം വ്യാഴാഴ്ച നടക്കും. 

ഈ മത്സരം വിജയിച്ചാല്‍ ഒരു പോയിന്‍റ് മാത്രം പിന്നിലുള്ള പാക്കിസ്ഥാനുമായുള്ള മാര്‍ജിന്‍ വര്‍ധിപ്പിക്കാം. റാങ്കിംഗില്‍ ഇംഗ്ലണ്ടാണ് നാലാം സ്ഥാനത്ത്. ന്യൂസിലന്‍ഡ് അഞ്ചാം സ്ഥാനത്തും ശ്രീലങ്ക ആറാമതുമാണ്.