ഇന്‍ഡോര്‍: ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് 294 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിന്റെ സെഞ്ചുറിയുടെയും ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ അര്‍ധ സെഞ്ചുറിയുടെയും മികവിലാണ് മികച്ച സ്കോര്‍ ഉയര്‍ത്തിയത്.

ആദ്യ രണ്ടു കളികളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ടോസിലെ ഭാഗ്യം ഓസീസ് നായകനൊപ്പമായിരുന്നു. ബാറ്റിംഗ് പറുദീസയില്‍  ബാറ്റിംഗ് തെരഞ്ഞെടുക്കാന്‍ സ്മിത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല.

ബാറ്റിംഗ് വിക്കറ്റാണങ്കിലും കരുതലോടെയാണ് വാര്‍ണറും ഫിഞ്ചും തുടങ്ങിയത്. ഇന്ത്യന്‍ ബൗളര്‍മാരായ ബൂമ്രയും ഭുവനേശ്വറും ഇരുവര്‍ക്കും കാര്യമായി സ്കോറിംഗിന് അവസരം നല്‍കിയതുമില്ല. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 13.3 ഓവറില്‍ 70 റണ്‍സടിച്ചു. ആദ്യ ബൗളിംഗ് മാറ്റമായി എത്തിയ ഹര്‍ദ്ദീക് പാണ്ഡ്യയാണ് ഇന്ത്യക്ക് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കിയത്. വാര്‍ണറെ ബൗള്‍ഡാക്കി പാണ്ഡ്യ ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിച്ചു.

എന്നാല്‍ പിന്നീടായിരുന്നു ഓസീസിന്റ ഏറ്റവും മികച്ച കൂട്ടുകെട്ട് പിറന്നത്. സ്പിന്നര്‍മാരായ കുല്‍ദീപ് യാദവിനെയും ചാഹലിനെയും ആത്മവിശ്വാസത്തോടെ നേരിട്ട ഫിഞ്ചും സ്മിത്തും ചേര്‍ന്ന് ഓസീസിനെ 224 റണ്‍സിലെത്തിച്ചു. 154 റണ്‍സിന്റെ കൂട്ടുകെട്ട് പൊളിച്ചത് കുല്‍ദീപ് യാദവായിരുന്നു. 125 പന്തില്‍ 124 റണ്‍സെടുത്ത ഫിഞ്ചിനെ മടക്കി കുല്‍ദീപ് യാദവ് പിന്നാലെ സ്മിത്തിനെയും(63) വീഴ്ത്തി ഓസീസിന് ഇരട്ട പ്രഹരമേല്‍പ്പിച്ചു.

തുടര്‍ച്ചയായി മൂന്നാം തവണയും മാക്സ്‌വെല്ലിനെ(5) വീഴ്‌ത്തി ചാഹല്‍ കരുത്തുകാട്ടിയതോടെ ഒരുഘട്ടത്തില്‍ 350 കടക്കുമെന്ന് തോന്നിച്ച ഓസീസ് സ്കോറിന് കടിഞ്ഞാണ്‍ വീണു. ട്രാവിസ് ഹെഡിനെയും(4) ഹാന്‍ഡ്സ്കോംബിനെയും(3) മടക്കി ബൂമ്ര ഓസീസിന്റെ നടുവൊടിച്ചു. അവസാന ഓവറുകളില്‍ പിടിച്ചുനിന്ന സ്റ്റോയ്നിസും(27 നോട്ടൗട്ട്) ആണ് ഓസീസിനെ 293 റണ്‍സിലെത്തിച്ചത്. ഇന്ത്യക്കായി കുല്‍ദീപ് 75 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്തപ്പോള്‍ ബൂമ്ര 52 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. ചാഹലും പാണ്ഡ്യയും  ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.