ദുബായ്: കുട്ടി ക്രിക്കറ്റിലെ ഒമ്പതാം ലോകകപ്പ് മാമാങ്കം 2020ല്‍ ഓസ്‌ട്രേലിയയില്‍. 2018ല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ലോകകപ്പ് രണ്ടുവര്‍ഷത്തേക്ക് ഐസിസി നീട്ടുകയായിരുന്നു. ലോകകപ്പില്‍ ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കുന്ന കാര്യം ആലോചിക്കുന്നതായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ അറിയിച്ചു. ആദ്യമായാണ് ട്വന്‍റി20 ലോകകപ്പിന് ഓസ്‌ട്രേലിയ ആതിഥേയത്വമരുളുന്നത്. 

അസോസിയേറ്റ് രാജ്യങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുമെന്ന് ഐ സി സി ചീഫ് എക്‌സിക്യുട്ടീവ് ഡേവിഡ് റിച്ചാര്‍ഡ്‌സണ്‍ പറഞ്ഞു. ഇന്ത്യയില്‍ 2016ല്‍ നടന്ന കഴിഞ്ഞ ടി20 ലോകകപ്പില്‍ വെസ്റ്റിന്‍ഡീസാണ് കിരീടം നേടിയത്. ഈഡന്‍ ഗാര്‍ഡനില്‍ ഇംഗ്ലണ്ടിനെ ചുരുട്ടിക്കെട്ടിയായിരുന്നു വെസ്റ്റിന്‍ഡീസിന്‍റെ കിരീടം. അതേസമയം 2019 മെയ് 30ന് തുടങ്ങുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് വേദികള്‍ പിന്നീട് മാത്രമേ പ്രഖ്യാപിക്കൂ.