ഓസ്ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പരക്ക് നാളെ തുടക്കമാവുമ്പോള്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് ഒരുപിടി റെക്കോര്‍ഡുകളാണ്. ട്വന്റി-20യില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോര്‍ഡാണ് അതിലൊന്ന്.

സിഡ്നി: ഓസ്ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പരക്ക് നാളെ തുടക്കമാവുമ്പോള്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് ഒരുപിടി റെക്കോര്‍ഡുകളാണ്. ട്വന്റി-20യില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോര്‍ഡാണ് അതിലൊന്ന്.

നിലവില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ പേരിലാണ് ഈ റെക്കോര്‍ഡ്. 2016ല്‍ 15 ഇന്നിംഗ്സില്‍ നിന്ന് കോലി 140.26 പ്രഹരശേഷിയില്‍ 641 റണ്‍സടിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം 15 ഇന്നിംഗ്സില്‍ നിന്ന് 556 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം. കോലിയെ മറികടക്കാന്‍ വേണ്ടത് 85 റണ്‍സ് കൂടി. മൂന്ന് മത്സര പരമ്പരയില്‍ രോഹിത് ഈ നേട്ടം മറികടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ട്വന്റി-20 ക്രിക്കറ്റില്‍ 100 സിക്സറുകള്‍ നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന റെക്കോര്‍ഡാണ് രോഹിത്തിനെ കാത്തിരിക്കുന്ന മറ്റൊരു നാഴികക്കല്ല്. 80 ട്വന്റി-20 മത്സരങ്ങളില്‍ നിന്ന് 96 സിക്സറുകളാണ് നിലവില്‍ രോഹിത്തിന്റെ പേരിലുള്ളത്. 103 സിക്സറുകള്‍ നേടിയിട്ടുള്ള ക്രിസ് ഗെയ്‌ലും മാര്‍ട്ടിന്‍ ഗപ്ടിലുമാണ് രാജ്യാന്തര ക്രിക്കറ്റില്‍ രോഹിത്തിന് മുന്നിലുള്ളവര്‍.

ട്വന്റി-20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്റ്സ്മാനെന്ന ബഹുമതിയാണ് രോഹിത്തിനെ കാത്തിരിക്കുന്ന മറ്റൊരു റെക്കോര്‍ഡ്. 2203 റണ്‍സാണ് നിലവില്‍ രണ്ടാം സ്ഥാനത്തുള്ള രോഹിത്തിന്റെ പേരിലുള്ളത്. ന്യൂസിലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗപ്ടിലാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്. 2271 റണ്‍സാണ് ഗപ്ടിലിന്റെ പേരിലുള്ളത്. 68 റണ്‍സ് കൂടി നേടിയാല്‍ രോഹിത്തിന് ട്വന്റി-20യിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനാവാം.