ദില്ലി: റിയോ ഒളിംപിക്സിന് തയ്യാറെടുക്കുന്ന തനിക്ക് ഓസ്ട്രേലിയൻ ഓപ്പൺ സൂപ്പർ സീരീസ് കിരീടം ഏറെ ആത്മവിശ്വാസം നൽകുമെന്ന് ബാഡ്മിന്റൺ താരം സൈന നേഹ്‌വാൾ. ഓസ്ട്രേലിയയിൽ നിന്ന് തിരിച്ചെത്തിയശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സൈന.
ചൈനയുടെ സുൺ യുവിനെ തോൽപിച്ചാണ് സൈന നേവാൾ ഓസ്ട്രേലിയൻ ഓപ്പൺ സൂപ്പർ സീരീസ് ബാഡ്മിന്‍റൺ കിരീടം സ്വന്തമാക്കിയത്. സീസണിൽ സൈനയുടെ ആദ്യ കിരീടം. പരുക്കിൽ നിന്ന് മോചിതയായ സൈന ഈ വിജയത്തിനായി കാത്തിരിക്കുകയായിരുന്നു.
രണ്ടാം തവണയാണ് സൈന ഓസ്ട്രേലിയൻ ഓപ്പണിൽ ജേതാവാകുന്നത്. ഈ ജയം ഒളിംപിക് തയ്യാറെടുപ്പിന് കരുത്തുപകരുമെന്ന് സൈന. റിയോയിൽ തായ്‍ലൻഡിന്റെ തായ് സു യിംഗ് ആയിരിക്കും തന്റെ പ്രധാന എതിരാളിയെന്നും സൈന പറഞ്ഞു. ലണ്ടൻ ഒളിംപിക്സിനെ വെങ്കലമെഡൽ ജേതാവാണ് 26-കാരിയായ സൈന. മലയാളി കോച്ച് വിമൽകുമാറിന് കീഴിൽ പരിശീലിക്കുന്ന സൈന ഇപ്പോൾ ലോക റാങ്കിംഗിൽ എട്ടാം സ്ഥാനത്താണ്.
