ദില്ലി: ഈ വര്‍ഷമാദ്യം നടന്ന ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര വിവാദങ്ങളുടെ പിച്ചിലാണ് നടന്നതെങ്കില്‍ ഏകദിന പരമ്പര താരതമ്യേന ശാന്തമായിരുന്നു. ഓസീസിനെ കളിയുടെ സമസ്ത മേഖലകളിലും പിന്നിലാക്കി 4-1ന് ഇന്ത്യ പരമ്പര നേടി. എന്നാല്‍ ടെസ്റ്റില്‍ നിന്ന് വ്യത്യസ്തമായി ഏകദിന പരമ്പരയില്‍ ഓസ്ട്രേലിയന്‍ താരങ്ങള്‍ ഇന്ത്യന്‍ താരങ്ങളെ പ്രകോപിപ്പിക്കുന്ന രീതിയില്‍ പെരുമാറുകയോ ചീത്ത വിളിക്കുകയോ ഒന്നും ചെയ്യാതിരുന്നത് ഓസീസ് ടീമിന്റെ മുന്‍കാല ചരിത്രം അറിയാവുന്ന ഇന്ത്യന്‍ ആരാധകര്‍ക്കുപോലും അത്ഭുതമായിരുന്നു.

എന്നാല്‍ ഇതിന് വ്യക്തമായ കാരണമുണ്ടെന്നാണ് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് പറയുന്നത്. ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് ഇന്ത്യന്‍ താരങ്ങളെ ചീത്ത വിളിക്കാന്‍ ഇപ്പോള്‍ പേടിയാണ്. കാരണം അടുത്ത വര്‍ഷത്തെ ഐപിഎല്‍ ലേലം തന്നെയെന്ന് സെവാഗ് ഇന്ത്യാ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഏകദിന പരമ്പരയ്ക്കിടെ ഓസീസ് താരങ്ങള്‍ ഇന്ത്യന്‍ കളിക്കാരെ ചീത്ത വിളിച്ചിരുന്നെങ്കില്‍ അടുത്ത വര്‍ഷത്തെ ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കുമ്പോള്‍ ഇവരെ ടീമിലെടുക്കണമോ എന്ന് ഫ്രാഞ്ചൈസി ഉടമ രണ്ടുവട്ടം ചിന്തിക്കുമെന്നും സെവാഗ് പറഞ്ഞു. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെയും ഡേവിഡ് വാര്‍ണറെയും ആരോണ്‍ ഫിഞ്ചിനെയും അമിതമായി ആശ്രയിക്കുന്നതാണ് ഓസ്ട്രേലിയന്‍ ടീമിന്റെ പ്രശ്നമെന്നും സെവാഗ് നിരീക്ഷിച്ചു.