ബംഗളുരു: ടെസ്റ്റ് പരന്പരയില്‍ ഇനി ഇന്ത്യയെ തോല്‍പ്പിക്കാന്‍ ഓസ്‌ട്രേലിയക്ക് കഴിയില്ലെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസറുദ്ദീന്‍.ബൗളര്‍മാരെല്ലാം ഫോമിലെത്തിയത് ഇന്ത്യക്ക് നേട്ടമാണെന്നും അസറുദീന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പൂനെയില്‍ തകര്‍ന്നടിഞ്ഞതിനുശേഷമുള്ള തിരിച്ചുവരവ് ടീം ഇന്ത്യയുടെ ആത്മവിശ്വാസം കൂട്ടും. ബംഗളുരുവില്‍ മികച്ച വിജയമാണ് ഇന്ത്യ നേടിയത്. ആദ്യ ടെസ്റ്റില്‍ തോറ്റതിനുശേഷമുള്ള ഗംഭീര തിരിച്ചുവരവായിരുന്നു അത്. ബംഗളുരുവില്‍ സ്‌പിന്നര്‍മാരും പേസര്‍മാരും ഒരുപോലെ തിളങ്ങിയെന്ന് അസര്‍ ചൂണ്ടിക്കാട്ടി. രണ്ടാം ഇന്നിംഗ്സില്‍ ഓസ്‌ട്രേലിയയ്ക്കേള്‍ മികച്ച രീതിയില്‍ പന്തെറിയാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് സാധിച്ചു. ക്രീസില്‍ അല്‍പ്പസമയം കൂടുതല്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചാല്‍ കോലിക്ക് ഫോം വീണ്ടെടുക്കാനാകുമെന്നും അസര്‍ പറഞ്ഞു.