ധാക്ക: ബംഗ്ലാദേശിലെ ആഭ്യന്തര ക്രിക്കറ്റ് മത്സരത്തില്‍ നിയമവിധേയമായ നാലുപന്തുകളില്‍ 92 റണ്‍സ് വഴങ്ങിയ ബൗളറെ ക്രിക്കറ്റില്‍ നിന്ന് 10 വര്‍ഷത്തേക്ക് വിലക്കി. ലാല്‍മാടിയ ക്ലബ്ബിന്റെ ബൗളറായ സുജോന്‍ മഹ്മുദിനെയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വിലക്കിയത്. കഴിഞ്ഞ മാസം അക്സിയോം ക്രിക്കറ്റേഴ്സിനെതിരെ നടന്ന മത്സരത്തില്‍ അമ്പയറുടെ വിവാദ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ആദ്യ ഓവറില്‍ 13 വൈഡും 15 നോബോളും എറിഞ്ഞ് സുജോന്‍ പ്രതിഷേധിച്ചത്. ഇതില്‍ 13 വൈഡും മൂന്ന് നോബോളും ബൗണ്ടറി കടന്നു.

പിന്നീടെറിഞ്ഞ നാല് നിയമവിധേയമായ പന്തുകളില്‍ മൂന്നും ബൗണ്ടറിയിലെത്തി. ഇതോടെ 50 ഓവര്‍ മത്സരത്തില്‍ വിജയലക്ഷ്യമായ 89 റണ്‍സ് വെറും നാലു പന്തുകളില്‍ അക്സിയോം ക്രിക്കറ്റേഴ്സ് അടിച്ചെടുത്തു. സുജോനിനെതിരായ അച്ചടക്ക നടപടിക്ക് പുറമെ ലാല്‍മാടിയ ക്ലബ്ബിനെ അനിശ്ചിത കാലത്തേക്കും കോച്ച്, ക്യാപ്റ്റന്‍, മാനേജര്‍ എന്നിവരെ അഞ്ച് വര്‍ഷത്തേക്കും ധാക്ക സെക്കന്‍ഡ് ഡിവിഷനില്‍ കളിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്.

ക്രിക്കറ്റിറെ മാന്യതയ്ക്ക് നിരക്കാത്ത പെരുമാറ്റത്തിനാണ് നടപടി. ക്രിക്കറ്റ് ബോര്‍ഡ് നടത്തിയ അന്വേഷണത്തില്‍ സുജോന്‍ മന:പൂര്‍വം വൈഡുകളും നോബോളുകളും എറിയുകയായിരുന്നുവെന്ന് കണ്ടെത്തിയതായി ക്രിക്കറ്റ് ബോര്‍ഡിന്റെ അച്ചടക്ക സമിതി അധ്യക്ഷന്‍ ഷെയ്ഖ് സോഹല്‍ വ്യക്തമാക്കി. ടോസ് ചെയ്ത നാണയം ലാല്‍മാടിയ ക്ലബ്ബിന്റെ ക്യാപ്റ്റനെ കാണിച്ചില്ലെന്നതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്.