16 മാസങ്ങള്‍ക്ക് ശേഷമുള്ള മടങ്ങിവരവ് നാല് വിക്കറ്റ് നേട്ടത്തോടെ ആഘോഷമാക്കിയ മലിംഗയുടെ പ്രകടനം മാത്രമാണ് ലങ്കയ്ക്ക് ആദ്യ മത്സരം സമ്മാനിച്ച ആശ്വാസം

ദുബായ്: ഏഷ്യാകപ്പില്‍ ശ്രീലങ്കയെ എറിഞ്ഞുവീഴ്‌ത്തി ബംഗ്ലാ കടുവകളുടെ ഗര്‍ജനം. ബംഗ്ലാദേശ് ഉയര്‍ത്തിയ 262 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കയുടെ ബാറ്റിംഗ് നിര 124 റണ്‍സില്‍ കടപുഴകി വീണു. വന്‍കരയിലെ വമ്പന്മാര്‍ക്കെതിരെ 137 റണ്‍സ് വിജയം സ്വന്തമാക്കി ബംഗ്ലാദേശ് ഏഷ്യാകപ്പ് തുടക്കം ഗംഭീരമാക്കി.

Add Asianetnews as a Preferred SourcegooglePreferred

16 മാസങ്ങള്‍ക്ക് ശേഷമുള്ള മടങ്ങിവരവ് നാല് വിക്കറ്റ് നേട്ടത്തോടെ ആഘോഷമാക്കിയ മലിംഗയുടെ പ്രകടനം മാത്രമാണ് ലങ്കയ്ക്ക് ആദ്യ മത്സരം സമ്മാനിച്ച ആശ്വാസം. ബാറ്റിംഗില്‍ ലങ്കന്‍ നിര പൂര്‍ണമായും അപ്രത്യക്ഷമായി.മറുപടി ബാറ്റിംഗില്‍ തരംഗ വേഗം സ്‌കോറിങ് തുടങ്ങിയെങ്കിലും ആദ്യ വിക്കറ്റ് വീണതോടെ പിന്നീട് ബംഗ്ലാദേശിന് കാര്യങ്ങള്‍ എളുപ്പമായി.

ലങ്കയുടെ നാല് മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ എല്‍ബിയില്‍ കുടുങ്ങിയാണ് പുറത്തായത്. ഏഴ് വിക്കറ്റിന് 69 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ലങ്ക കഷ്ടിച്ചാണ് 100 കടന്നത്. 27 റണ്‍സെടുത്ത ഓപ്പണര്‍ ഉപുല്‍ തരംഗയാണ് ടോപ് സ്‌കോറര്‍. കുശാല്‍ മെന്‍ഡിസ്(0), കുശാല്‍ പെരേര(11), ഡി സില്‍വ(0), എയ്ഞ്ചലോ മാത്യൂസ്(16), ദാസുന്‍ ശനക(7), തിസാര പെരേര(6), ലക്‌മല്‍(20) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോര്‍.

ശ്രീലങ്കയ്ക്കെതിരെ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശ് 49.3 ഓവറില്‍ 261ല്‍ പുറത്തായിരുന്നു. ലങ്കന്‍ ടീമില്‍ 16 മാസങ്ങള്‍ക്ക് ശേഷം മടങ്ങിയെത്തിയ ലസിത് മലിംഗ 10 ഓവറില്‍ 23 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തിയതാണ് ബംഗ്ലാദേശിനെ വലച്ചത്.

മലിംഗ ആദ്യ ഓവറില്‍ ഒരു റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്‌ത്തി തുടങ്ങിയപ്പോള്‍ കടുവകള്‍ പ്രതിരോധത്തിലായി. എന്നാല്‍ മുഷ്‌ഫിഖര്‍ റഹീം തകര്‍പ്പന്‍ സെഞ്ചുറിയും(144), മുഹമ്മദ് മിഥുന്‍ അര്‍ദ്ധ സെഞ്ചുറിയും നേടിയതോടെ സ്കോര്‍ ഉയര്‍ന്നു. ഇരുവര്‍ക്കും മൂന്നാം വിക്കറ്റില്‍ 133 റണ്‍സ് കൂട്ടിച്ചേര്‍ക്കാനായി.

എന്നാല്‍, മറ്റാര്‍ക്കും ഇരുപതിനപ്പുറം കടക്കാനായില്ല. മിഥുന്‍ പുറത്തായ ശേഷം വാലറ്റത്തെ കൂട്ടുപിടിച്ച് മുഷ്‌ഫിഖര്‍ ബാറ്റിംഗ് മികച്ച വിരുന്ന് കാഴ്‌ച്ചവെച്ചു. മുഷ്‌ഫീഖര്‍ 49.3 ഓവറില്‍ പത്താമനായാണ് പുറത്തായത്. 150 പന്തുകളില്‍ 11 ബൗണ്ടറികളും നാല് ഫോറുമടങ്ങുന്നതായിരുന്നു മുഷ്‌ഫിഖറിന്‍റെ ക്ലാസിക് ഇന്നിംഗ്സ്.

പൊട്ടിയ കയ്യുമായി ബാറ്റേന്തി ആരാധകരുടെ കണ്ണുനനച്ച തമീം ഇക്‌ബാലായിരുന്നു മുഷ്‌ഫീഖറിന് കൂട്ട്. അവസാന വിക്കറ്റില്‍ ഈ സഖ്യം 32 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ലങ്കയ്ക്കായി ഡി സില്‍വ രണ്ടും ലക്‌മലും പെരേരയും അമിലയും ഓരോ വിക്കറ്റുകളും വീഴ്‌ത്തി.