വിന്‍ഡീസിന്‍റെ അഞ്ച് ബാറ്റ്സ്‌മാന്‍മാര്‍ വെറും 29 റണ്‍സിന് കൂടാരം കയറി. എന്നാല്‍ ഇവരെല്ലാം ബൗള്‍ഡായാണ് പുറത്തായത് എന്നതാണ് വിന്‍ഡീസിനെ കൂടുതല്‍  നാണക്കേടിലാക്കിയത്...

ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ നാണംകെട്ട് വിന്‍ഡീസ് ബാറ്റിംഗ്‌ നിര. ഒന്നാം ഇന്നിംഗ്സില്‍ ബംഗ്ലാദേശിന്‍റെ 508 റണ്‍സെന്ന കൂറ്റന്‍ സ്കോര്‍ പിന്തുടരുന്ന വിന്‍ഡീസിന്‍റെ അഞ്ച് ബാറ്റ്സ്‌മാന്‍മാര്‍ വെറും 29 റണ്‍സിന് കൂടാരം കയറി. എന്നാല്‍ ഇവരെല്ലാം ബൗള്‍ഡായാണ് പുറത്തായത് എന്നതാണ് വിന്‍ഡീസിനെ നാണക്കേടിന്‍റെ പടുകുഴിയിലേക്ക് തള്ളിവിട്ടത്. മെഹിദി ഹസനും ഷാക്കിബിനുമായിരുന്നു വിക്കറ്റ്. 

ഓപ്പണര്‍ ക്രെയ്‌ഗ് ബ്രാത്ത്‌വെയ്റ്റിനെ ആദ്യ ഓവറിലെ അവസാന പന്തില്‍ പുറത്താക്കി ഷാക്കിബ് അല്‍ ഹസനാണ് വിക്കറ്റ് മഴക്ക് തുടക്കമിട്ടത്. ആറാം ഓവറിലെ മൂന്നാം പന്തില്‍ മെഹിദി ഹസന്‍ മറ്റൊരു ഓപ്പണര്‍ കീറാന്‍ പവലിനെ(4) മടക്കി. മൂന്ന് ഓവറുകളുടെ ഇടവേളയില്‍ ഷാക്കിബിന്‍റെ പന്തില്‍ സുനില്‍ ആംബ്രിസ് വീണു. പിന്നീടെത്തിയ ചേസിനെ മെഹിദി ഗോള്‍ഡണ്‍ ഡക്കാക്കി. 10 റണ്‍സെടുത്ത ഷായ് ഹോപ് മെഹിദിയുടെ പന്തില്‍ പുറത്താകുമ്പോള്‍ വിന്‍ഡീസ് 11.6 ഓവറില്‍ അഞ്ചിന് 29. 

രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റിന് 75 റണ്‍സ് എന്ന നിലയിലാണ് വിന്‍ഡീസ്. ഹെറ്റ്‌മെയര്‍ 32 റണ്‍സുമായും ഡൗറിച്ച് 17 റണ്‍സുമായും ക്രീസിലുണ്ട്. അഞ്ച് വിക്കറ്റ് അവശേഷിക്കേ ബംഗ്ലാദേശ് സ്‌കോറിനൊപ്പമെത്താന്‍ വിന്‍ഡീസിന് 433 റണ്‍സ് കൂടി വേണം. നേരത്തെ മഹ്‌മ്മുദുള്ളയുടെ സെഞ്ചുറിയും(136) മറ്റ് ബാറ്റ്സ്‌മാന്‍മാരെല്ലാം രണ്ടക്കം കടക്കുകയും ചെയ്തതോടെയാണ് ബംഗ്ലാദേശ് 10 വിക്കറ്റിന് 508 റണ്‍സ് നേടിയത്.