മാഡ്രിഡ്: എഫ്.സി ബാഴ്സലോണ കോപ്പ ഡെൽ റെ ഫൈനലിൽ. അത്‍ലറ്റികോ മാഡ്രിഡിനെ ഇരുപാദങ്ങളിലുമായി 3-2ന് തകർത്താണ് ഫൈനലിലേക്കുള്ള ബാഴ്സയുടെ മുന്നേറ്റം. ന്യു കാംപിൽ നടന്ന രണ്ടാം പാദ സെമിയിൽ ഇരു ടീമും ഓരോ ഗോൾ വീതമടിച്ചു. 43ആം മിനിറ്റിൽ ലൂയിസ് സുവാരസിന്റെ ഗോളിലൂടെ ബാഴ്സയാണ് മുന്നിലെത്തിയത്. 83ആം മിനിറ്റിൽ കെവിൻ ഗമീറോ അത്‍ലറ്റികോയ്ക്കായി സമനില ഗോൾ കണ്ടെത്തി. മത്സരം പലപ്പോഴും കയ്യാങ്കളിയായപ്പോൾ ബാഴ്സയുടെ സുവാരസും സെര്‍ജിയോ റോബര്‍ട്ട്സും അത്‍ലറ്റികോയുടെ കരാസ്കോയും ചുവപ്പ് കാര്‍ഡ് വാങ്ങി. 80ആം മിനിറ്റിൽ കിട്ടിയ പെനാൽറ്റി ഗമീറോ നഷ്ടപ്പെടുത്തിയത് അത്‍ലറ്റികോയ്ക്ക് കനത്ത തിരിച്ചടിയായി. ആദ്യ പാദ സെമിയിൽ 2-1 നായിരുന്നു നിലവിലെ ചാംപ്യന്മാരായ ബാഴ്സയുടെ ജയം.