മാഡ്രിഡ്: സ്പാനിഷ് ലാലിഗയിൽ ബാർസയെ ഞെട്ടിച്ച് സെൽട്ടാ വിഗോ. മൂന്നിന് എതിരെ നാല് ഗോളുകൾക്കാണ് സെൽറ്റ സ്പാനിഷ് ചാമ്പ്യന്മാരെ അട്ടിമറിച്ചത്.ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകളുമായി സെൽറ്റ മുന്നിലെത്തിയിരുന്നു. രണ്ടാം പകുതിയിൽ പിക്കെയുടെ ഇരട്ട ഗോളുകളും പെനാൽറ്റി ഗോളാക്കി നെയ്മറും ബാഴ്സയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു. എന്നാൽ എഴുപത്തിയേഴാം മിനിറ്റിൽ ഹെർണാണ്ടസ് നേടിയ ഗോളിലൂടെ സെൽറ്റ വിഗോ വജയം ഉറപ്പിക്കുകായിരുന്നു. തോൽവിയോടെ ബാഴ്സ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

സിറ്റിക്കും അടിതെറ്റി

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും അടിതെറ്റി. ടോട്ടനമാണ് സിറ്റിയെ അട്ടിമറിച്ചത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സ്റ്റോക് സിറ്റിയും ലെസ്റ്റര്‍സിറ്റിയെ സതാംപ്ടണും സമനിലയില്‍തളച്ചു. തുടര്‍ച്ചായ ഏഴാം ജയം ലക്ഷ്യമിട്ടെത്തിയ ഗാര്‍ഡിയോളയെയും സംഘത്തെയുമാണ് ടോട്ടനം ഞെട്ടിച്ചത്. കളി തുടങ്ങി ഒമ്പതാം മിനിറ്റില്‍ത്തന്നെ അലക്സാണ്‍ര്‍ കൊലറോവിന്റെ സെല്‍ഫ് ഗോള്‍സിറ്റിയെ ഞെട്ടിച്ചു. 37 ആം മിനിറ്റില്‍ ബാമിഡിലി അലി ടോട്ടനത്തിന്റെ ലീഡുയര്‍ത്തി.

രണ്ട് ഗോള്‍ജയത്തോടെ സീസണില്‍ തോല്‍വി അറിയാത്ത ഏക ടീമായി ടോട്ടനം മാറി. ഏഴ് കളിയില്‍നിന്ന് 17 പോയിന്‍റുള്ള ടോട്ടനം പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. തോറ്റെങ്കിലും 18 പോയിന്റുള്ള സിറ്റി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. സിറ്റിക്ക് ഏവേ ഗ്രൗണ്ടിലാണ് തോല്‍വി പിണഞ്ഞതെങ്കില്‍ മാഞ്ച്സറ്റര്‍ യുണൈറ്റഡിനെ ഹോം ഗ്രൗണ്ടില്‍ സമനിലയില്‍ തളച്ചത് പോയന്റ് പട്ടികയിലെ 19- ആം സ്ഥാനക്കാരായ സ്റ്റോക് സിറ്റിയാണ്. ഇരു ടീമും ഓരോ ഗോള്‍വീതം നേടി. നിലവിലെ ചാംപ്യന്‍മാരായ ലെസ്റ്റര്‍സിറ്റി-സതാംപ്ടണ്‍ മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. മറ്റൊരു മത്സരത്തില്‍ ആഴ്സനലിനെ ബേണ്‍ലി സമനിലയില്‍ തളച്ചു.