എങ്ങനെയെങ്കിലും ഒരു ഗോള്‍ തിരിച്ചടിക്കാന്‍ റയല്‍ മുന്നേറ്റ നിര പണിപ്പെട്ടെങ്കിലും മൂര്‍ച്ച കുറഞ്ഞ ആക്രമണ നിരയുടെ നീക്കങ്ങളെല്ലാം ബാഴ്സ എളുപ്പത്തില്‍ അവസാനിപ്പിച്ചു

ബാഴ്സലോണ: ശനിദശ പിന്തുടരുന്ന റയല്‍ മാഡ്രിഡിനെ വരിഞ്ഞ് മുറിക്കി ബാഴ്സലോണ. ലോകം കാത്തിരുന്ന എല്‍ ക്ലാസിക്കോയുടെ ആദ്യ പകുതിയില്‍ റയല്‍ ഗോള്‍ പോസ്റ്റില്‍ രണ്ട് ഗോളുകള്‍ നിക്ഷേപിച്ച ബാഴ്സ മെസിയില്ലാതെയും മിന്നും പ്രകടനമാണ് നടത്തുന്നത്. തിരിച്ചടികളില്‍ നിന്ന് കരകയറാന്‍ എല്‍ ക്ലാസിക്കോ വിജയം ലക്ഷ്യമിട്ടിറങ്ങിയ റയലിനെതിരെ കളിയുടെ തുടക്കം മുതല്‍ ബാഴ്സ ആക്രമണം അഴിച്ചു വിട്ടു.

11-ാം മിനിറ്റില്‍ തന്നെ ഫിലിപ്പെ കുടീഞ്ഞോയിലൂടെ കറ്റാലന്‍ ടീം മുന്നിലെത്തി. ജോര്‍ഡി ആല്‍ബ ഇടത് വിംഗിലൂടെ നടത്തിയ മുന്നേറ്റമാണ് ആദ്യ ഗോളിന് വഴിയൊരുക്കിയത്. ഗോള്‍ ലെെനിന് അടുത്ത് വരെ പന്തുമായെത്തിയ ആല്‍ബ റയല്‍ പ്രതിരോധത്തിന്‍റെ ക്ഷീണം മുതലാക്കി ബോക്സിന് മധ്യത്ത് നിന്ന് കുടീഞ്ഞോയക്ക് പന്ത് മറിച്ച് നല്‍കി.

ആരും തടയാനില്ലാതിരുന്ന കുടീഞ്ഞോ അനായാസം വലകുലുക്കി. ഒരു ഗോള്‍ വഴങ്ങിയതിന്‍റെ ആഘാതം ഒന്ന് മാറും മുമ്പ് മാഡ്രിഡ് വലയില്‍ അടുത്ത ഗോളും എത്തി. ഇത്തവണ പെനാല്‍റ്റിയാണ് റാമോസിന്‍റെയും സംഘത്തിന്‍റെ പ്രതീക്ഷകളെ തകര്‍ത്തത്. ബോക്സില്‍ സുവാരസിനെ റാഫേല്‍ വരേന്‍ ഫൗള്‍ ചെയ്തതിനാണ് റഫറി പെനാല്‍റ്റി അനുവദിച്ചത്.

ഉറുഗ്വെയന്‍ താരം സുവാരസ് കോട്ടുവയെ നിസഹായനാക്കി പന്ത് വലയിലെത്തിച്ചു. എങ്ങനെയെങ്കിലും ഒരു ഗോള്‍ തിരിച്ചടിക്കാന്‍ റയല്‍ മുന്നേറ്റ നിര പണിപ്പെട്ടെങ്കിലും മൂര്‍ച്ച കുറഞ്ഞ ആക്രമണ നിരയുടെ നീക്കങ്ങളെല്ലാം ബാഴ്സ എളുപ്പത്തില്‍ അവസാനിപ്പിച്ചു.