Asianet News MalayalamAsianet News Malayalam

ബിസിസിഐയില്‍ ലോധ റിപ്പോര്‍ട്ട് ആറുമാസത്തിനുള്ളില്‍ നടപ്പിലാക്കണമെന്ന് സുപ്രീംകോടതി

BCCI given six months to implement Lodha committee reforms
Author
New Delhi, First Published Jul 18, 2016, 11:39 AM IST

ദില്ലി: ബോര്‍ഡ് ഓഫ് ക്രിക്കറ്റ് കണ്‍ട്രോള്‍ ഇന്‍ ഇന്ത്യ (ബിസിസിഐ) ഭാരവാഹിത്വത്തിലേക്ക് രാഷ്ട്രീയക്കാര്‍ വേണ്ടെന്ന് സുപ്രീം കോടതി. ബിസിസിഐയെ പരിഷ്‌കരിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച ജസ്റ്റീസ് ആര്‍.എം.ലോധ അധ്യക്ഷനായ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ആറ് മാസത്തിനകം പൂര്‍ണമായും നടപ്പാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. 70 വയസ് പിന്നിട്ട ആരും ബിസിസിഐ ഭാരവാഹിത്വം വഹിക്കരുതെന്നും കോടതി ഉത്തരവിട്ടു.

ഒന്നിലധികം അസോസിയേഷനുകള്‍ ഉള്ള സംസ്ഥാനങ്ങള്‍ക്ക് വോട്ടവകാശം റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്താന്‍ ശിപാര്‍ശ ചെയ്ത ലോധ സമിതി ശിപാര്‍ശ സുപ്രീം കോടതി അംഗീകരിച്ചു. ലോധ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പത്തോളം ശിപാര്‍ശകള്‍ നടപ്പാക്കുന്നത് അപ്രായോഗികമാണെന്ന് കാണിച്ച് ബിസിസിഐ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ബിസിസിഐയുടെ നിര്‍ദ്ദേശങ്ങളൊന്നും കോടതി സ്വീകരിച്ചില്ല എന്നതും ശ്രദ്ധേയമാണ്.

ബിസിസിഐ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതും, വാതുവയ്പ്പ് നിയമവിധേയമാക്കണമെന്ന ലോധ സമിതി ശിപാര്‍ശയിലും തീരുമാനമെടുക്കേണ്ടത് പാര്‍ലമെന്റാണെന്നും കോടതി നിരീക്ഷിച്ചു. 

സുപ്രീംകോടതി വിധി ബിസിസിഐ അധ്യക്ഷന്‍ അനുരാഗ് ഠാക്കൂര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് കനത്ത തിരിച്ചടിയായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവില്‍ ഹിമാചല്‍പ്രദേശിലെ ഹാമിര്‍പുര്‍ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംപിയാണ് അനുരാഗ് ഠാക്കൂര്‍.

Follow Us:
Download App:
  • android
  • ios