ദുബായ്: വരുമാന വിഹിതം പങ്കുവെക്കുന്നതിനെചൊല്ലിയുള്ള ഐസിസി ബിസിസിഐ തര്‍ക്കം പരിഹരിച്ചു. ക്രിക്കറ്റ് ലോകത്തെ ആശങ്കയിലാക്കിയ വലിയൊരു പ്രതിസന്ധിക്കാണ് ഇതോടെ പരിഹാരമായത്.ഐസിസിയുടെ വരുമാനവിഹിതം പങ്ക് വെക്കുന്നതിനെ ചൊല്ലിയുള്ള മാസങ്ങള്‍ നീണ്ട തര്‍ക്കത്തിനൊടുവില്‍ ശശാങ്ക് മനോഹര്‍ മുന്നോട്ട് വച്ച ഫോര്‍മുല അംഗീകരിച്ച് ബിസിസിഐ മുഖം രക്ഷിച്ചു.

ഏപ്രിലില്‍ നടന്ന യോഗത്തില്‍ 293 ദശലക്ഷം ഡോളറായിരുന്നു ബിസിസിഐക്ക് വിഹിതമായി നിര്‍ദ്ദേശിച്ചിരുന്നതെങ്കില്‍ പുതിയ തീരുമാനമനുസരിച്ച് 405 ദശലക്ഷം ഡോളര്‍ ഇന്ത്യന്‍ ബോര്‍ഡിന് ലഭിക്കും. 570 ദശലക്ഷം ഡോളര്‍ വിഹിതമായി വേണമെന്ന ബിസിസിഐയുടെ ആവശ്യം ഒന്നിനെതിരെ 9 വോട്ടുകള്‍ക്ക് ഏപ്രിലിലെ യോഗം തള്ളിയിരുന്നു.തുടര്‍ന്ന് പ്രശ്ന പരിഹാരത്തിനായി 100 ദശലക്ഷം ഡോളര്‍ അധികമായി നല്‍കാമെന്ന് ശശാങ്ക് മനോഹര്‍ അറിയിച്ചെങ്കിലും ചര്‍ച്ച ചെയ്യാന്‍ പോലും ഇല്ല എന്നായിരുന്നു ബിസിസിഐ നിലപാട്.

എന്നാല്‍ ഐസിസി യോഗത്തില്‍ പിന്തുണ ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് പുതിയ ഫോ‍ര്‍മുല അംഗീകരിക്കാന്‍ ബിസിസിഐ തയ്യാറായത്. 139 ദശലക്ഷം ഡോളര്‍ ലഭിക്കുന്ന ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡാണ് ബിസിസിഐക്ക് തൊട്ടുപിന്നിലുള്ളത്. ഓസ്‍ട്രേലിയ, ദക്ഷിണാഫ്രിക്ക, പാകിസ്ഥാന്‍, ന്യൂസിലാന്റ്, ശ്രീലങ്ക, വെസ്റ്റ്ഇന്‍ഡീസ്, ബംഗ്ലാദേശ് എന്നീ ടീമുകള്‍ക്ക് 128 ദശലക്ഷം ഡോള‍ര്‍ വീതം ലഭിക്കും.കൂടാതെ അസോസിയേറ്റ് രാജ്യങ്ങള്‍ക്കാകെ 240 ദശലക്ഷം ഡോളറും നല്‍കുന്നതാണ് പുതിയ തീരുമാനം.