മുംബൈ: ബിസിസിഐ ഭരണതലത്തിലെ മാറ്റങ്ങള്‍ ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ലോധ സമിതി. ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്റിക്ക് ഇത് സംബന്ധിച്ച് കര്‍ശന നിര്‍ദേശം നല്‍കി. രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ ഇടപെടില്ലെന്നും ലോധ സമിതി വ്യക്തമാക്കി.
ലോധ സമിതി ശുപാര്‍ശകള്‍ നടപ്പാക്കാനുള്ള സുപ്രീം കോടതി ഉത്തരവോട പ്രതിസന്ധിയിലായ പല ഭാരവാഹികളുടെയും നിയന്ത്രണത്തിലുളള സംസ്ഥാന അോസസിയേഷനുകള്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് സ്റ്റേഡിയങ്ങള്‍ വിട്ടുകൊടുക്കേണ്ടെന്ന നിലപാടിലേക്കെത്തിയിരുന്നു. അണ്ടര്‍ 19 ടെസ്റ്റ് മത്സരത്തിനായി ചെപ്പോക്ക് സ്റ്റേഡിയം വിട്ടു നല്‍കാനാകില്ലെന്ന് തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്‍ ബിസിസിഐക്ക് കത്തയക്കുകയും ചെയ്തു. ഇ പശ്ചാത്തലത്തിലാണ് ലോധ സമിതി യോഗം ചേര്‍ന്ന് ഇക്കാര്യം ചര്‍ച്ച ചെയ്തത്.
ഭരണതലത്തിലെ മാറ്റങ്ങള്‍ ക്രിക്കറ്റ് മത്സരങ്ങളെ ഒരു തരത്തിലും ബാധിക്കാന്‍ പാടില്ലെന്ന് സമിതി നിര്‍ദേശം നല്‍കി. സംസ്ഥാന അസോസിയേഷനുകളുമായി ബന്ധപ്പെട്ട് ഇക്കാര്യം ഉറപ്പുവരുത്താന്‍ ബിസിസിഐ സിഓ രാഹുല്‍ ജോഹ്റിയോട് ആവശ്യപ്പെട്ടു. മത്സരം തടസ്സപ്പെടുത്താനുള്ള ഏതൊരു നീക്കവും കോടതി അലക്ഷ്യമാകുമെന്നും സമിതി മുന്നറിയിപ്പ് നല്‍കി.
ഇപ്പോള്‍ത്തന്നെ കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ രാജസ്ഥാന്‍, ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനുകളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ഇടപെടില്ല. ഇരുപതോളം സംസ്ഥാന അസോസിയേഷനുകള്‍ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ തയ്യാറാണെന്നും ലോധ സമിതി അവകാശപ്പെട്ടു.
