ദില്ലി: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ടീമിന്റെ പങ്കാളിത്തം സംബന്ധിച്ച് തങ്ങളുമായി കൂടിയാലോചിക്കാതെ ബിസിസിഐ തീരുമാനമൊന്നുമെടുക്കരുതെന്ന് സുപ്രീംകോടതി നിയമിച്ച വിനോദ് റായിയുടെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണസമിതി. ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കുന്നത് സംബന്ധിച്ച് ഇടക്കാല ഭരണസിമിതി അംഗങ്ങളും ബിസിസിഐ അംഗങ്ങളും തമ്മില്‍ ശക്തമായ അഭിപ്രായ നിലനില്‍ക്കുന്നതിനിടെയാണ് ഇടക്കാല ഭരണസമിതിയുടെ നിര്‍ദേശം. ബിസിസിഐ മുന്‍ പ്രസിഡന്റ് എന്‍ ശ്രീനിവാസനെ അനുകൂലിക്കുന്ന പത്തോളം ബിസിസിഐ അംഗങ്ങള്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പിന്‍മാറാനും ഐസിസിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകാനും തീരുമാനിച്ചുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് സമിതി വിഷയത്തില്‍ ഇടപ്പെട്ടത്.

2017 മുതല്‍ 2023 വരെയുള്ള ഐ.സി.സിയുടെ എല്ലാ ടൂര്‍ണമെന്റുകളില്‍ നിന്ന് വിട്ടുനില്‍ക്കുക എന്ന ഉദ്ദേശവുമായി ബി.സി.സി.ഐ, രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലില്‍ അംഗങ്ങളായ മറ്റു രാജ്യങ്ങളെ സമീപിച്ചിരുന്നു. അതിനായി മെമ്പേഴ്‌സ് പാര്‍ട്ടിസിപ്പേഷന്‍ അഗ്രീമെന്റും രൂപികരിക്കാന്‍ ബി.സി.സി.ഐ ശ്രമം നടത്തിയിരുന്നു. ജൂണില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ ബി.സി.സി.ഐ ഇതുവരെ പ്രഖ്യാപിക്കാത്തതും ഇതിന്റെ ഭാഗമായാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ തങ്ങളുടെ അനുവാദമില്ലാതെ ബി.സി.സി.ഐ, ഐ.സി.സിയുമായി യാതൊരുവിധത്തിലുള്ള ആശയവിനിമയവും നടത്തരുതെന്നും ഇടക്കാല ഭരണസമിതി ഇന്ന് വ്യക്തമാക്കി. ബി.സി.സി.ഐയുടെ താല്‍ക്കാലിക അധ്യക്ഷന്‍ സി.കെ ഖന്ന, ജോയിന്റ് സെക്രട്ടറി അമിതാഭ് ചൗധരി, ട്രഷറര്‍ അനിരുദ്ധ് ചൗധരി, ബി.സി.സി.ഐ സി.ഇ.ഒ രാഹുല്‍ ജോഹ്‌രി എന്നിവര്‍ക്കാണ് ഇതുസംബന്ധിച്ച് ഇടക്കാല ഭരണസമിതി കത്തയച്ചത്.

ഏപ്രിലില്‍ ദുബായിയില്‍ ചേര്‍ന്ന ഐ.സി.സി യോഗത്തില്‍ ബി.സി.സിഐയ്ക്ക് ശക്തമായ തിരിച്ചടി നേരിട്ടിരുന്നു. ഐ.സി.സിയുടെ ഭരണനിര്‍വഹണ രീതിയും വരുമാനം പങ്കിടല്‍ രീതിയും പരിഷ്‌കരിക്കാനുള്ള വോട്ടെടുപ്പില്‍ ഇന്ത്യന്‍ ബോര്‍ഡിന്റെ നിലപാടുകള്‍ എല്ലാവരും തള്ളിയിരുന്നു. ഭരണനിര്‍വഹണരീതി പരിഷ്‌കരിക്കാനുള്ള വോട്ടെടുപ്പില്‍ രണ്ടിനെതിരെ 12 വോട്ടുകള്‍ക്കും സാമ്പത്തിക പരിഷ്‌കരണത്തില്‍ ഒന്നിനെതിരെ 13 വോട്ടുകള്‍ക്കുമാണ് ബി.സി.സി.ഐയുടെ നിലപാട് തള്ളിയത്.