Asianet News MalayalamAsianet News Malayalam

ഇത് അംഗീകരിക്കാനാകില്ല; പാക്കിസ്ഥാനെതിരെയുള്ള മത്സരം മാറ്റണമെന്ന് ബിസിസിഐ

  • തുടര്‍ച്ചയായ രണ്ടാം ദിവസവും മത്സരം കളിക്കാനാകില്ല
BCCI wants to change schedule of asia cup

ദില്ലി: ക്രിക്കറ്റിലെ ഏറ്റവും വമ്പന്‍ പോരാട്ടങ്ങളിലൊന്നാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നേര്‍ക്കുനേര്‍ വരുന്നത്. രാജ്യങ്ങള്‍ തമ്മില്‍ നയതന്ത്ര, അതിര്‍ത്തി പ്രശ്നങ്ങള്‍ രൂക്ഷമായതിനാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള പരമ്പരകള്‍ നടന്നിട്ട് കാലമേറെയായി. ഇതോടെ ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി എന്നിങ്ങനെ ഐസിസി നടത്തുന്ന ടൂര്‍ണമെന്‍റുകള്‍ വരുമ്പോള്‍ ഭാഗ്യം തുണച്ചാല്‍ മാത്രമേ ഇന്ത്യ - പാക്കിസ്ഥാന്‍ പോര് കാണാനുള്ള അവസരം ലഭിക്കാറുള്ളൂ.

അവസാനമായി കഴിഞ്ഞ വര്‍ഷം ജൂണില്‍ ചാമ്പ്യന്‍സ് ട്രോഫിയുടെ കലാശ പോരാട്ടത്തിലാണ് ഇരു ടീമുകളും തമ്മില്‍ മാറ്റുരച്ചത്. പക്ഷേ, ഇന്ത്യയെ മറികടന്ന് പാക്കിസ്ഥാന്‍ കിരീടം സ്വന്തമാക്കി. ഇതോടെ പാക്കിസ്ഥാനെ തോല്‍പ്പിക്കാനുള്ള അവസരത്തിനായി വിരാട് കോലിയും സംഘവും കാത്തിരിക്കുകയായിരുന്നു. അതിനുള്ള അവസരം ഇപ്പോള്‍ കെെവന്നിരിക്കുകയാണ്.

ഏഷ്യ കപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും ഒരേ ഗ്രൂപ്പിലാണ് ഇടം പിടിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 19ന് വിഖ്യാതമായ ഇന്ത്യ-പാക് പോരാട്ടം ദുബായിയില്‍ നടക്കും. പക്ഷേ, മത്സരം മാറ്റിവെയ്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ ബിസിസിഐ ഉന്നയിക്കുന്നത്. 18ന് ഇന്ത്യ ക്വാളിഫയര്‍ ജയിച്ചെത്തുന്ന ടീമുമായി ആദ്യ മത്സരം കളിക്കണം. അതിന്‍റെ തൊട്ടടുത്ത ദിവസമാണ് പാക്കിസ്ഥാനെതിരെയുള്ള പോര്‍മുഖം തുറക്കുക.

തുടര്‍ച്ചയായ രണ്ടു ദിവസം ഏകദിന മത്സരം കളിക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് ബിസിസിഐയുടെ വാദം. ഒരിക്കലും അംഗീകരിക്കാനാകാത്ത മത്സരക്രമമാണ് ഏഷ്യ കപ്പിലേതെന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. ടൂര്‍ണമെന്‍റ് നടത്തുന്നവര്‍ക്ക് കാശുണ്ടാക്കാനുള്ള മത്സരം മാത്രമായിരിക്കും ഇത്. പക്ഷേ, ഇത് വെറുതെ ഒരു മത്സരം മാത്രമല്ല. മത്സരംക്രമത്തില്‍ രണ്ടു ടീമിനോടും തുല്യത വേണമെന്നും ബസിസിഐ വൃത്തങ്ങള്‍ പറഞ്ഞു.

രണ്ടു ദിവസത്തെ വിശ്രമത്തിന് ശേഷമാണ് പാക്കിസ്ഥാന്‍ ഇന്ത്യയുമായി കളിക്കുക. ഇന്ത്യയെയും പാക്കിസ്ഥാനെയും കൂടാതെ ക്വാളിഫയര്‍ കളിച്ചെത്തുന്ന ടീമിനായിരിക്കും ഗ്രൂപ്പ് എയിലെ അവശേഷിക്കുന്ന സ്ഥാനം ലഭിക്കുക. ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ എന്നിവരടങ്ങുന്നതാണ് ഗ്രൂപ്പ് ബി. രണ്ടു ഗ്രൂപ്പുകളില്‍ നിന്നും ആദ്യ രണ്ടു സ്ഥാനക്കാര്‍ സൂപ്പര്‍ ഫോറിലേക്ക് മുന്നേറം. 28ന് കലാശ പോരാട്ടം നടക്കും. 

Follow Us:
Download App:
  • android
  • ios