ഇന്ത്യയില്‍ ക്രിക്കറ്റ് നിയന്ത്രിക്കുന്ന ബിസിസിഐയെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ട് വരണമെന്ന് കേന്ദ്ര നിയമ കമ്മീഷന്‍ നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു

ദില്ലി: ബിസിസിഐയും വിവാരാവകാശ പരിധിയിലാണെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ ശ്രീധര്‍ ആചാര്യലു. ഇത് സംബന്ധിച്ച കമ്മീഷണറുടെ ഉത്തരവും പുറത്തിറങ്ങി. വിവാരാവകാശ പ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ 15 ദിവസത്തിനുള്ളില്‍ പ്രാപ്തമാകണമെന്നും ഉത്തരവില്‍ പറയുന്നു.

ഇന്ത്യയില്‍ ക്രിക്കറ്റ് നിയന്ത്രിക്കുന്ന ബിസിസിഐയെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ട് വരണമെന്ന് കേന്ദ്ര നിയമ കമ്മീഷന്‍ നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. ബിസിസിഐ പൊതു സ്ഥാപനത്തിന്റെ സൗകര്യങ്ങള്‍ അനുഭവിക്കുകയാണെന്നായിരുന്നു നിയമകമ്മീഷന്‍ വിലയിരുത്തല്‍.

ബിസിസിഐയെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് 128 പേജുള്ള റിപ്പോര്‍ട്ടാണ് കേന്ദ്ര നിയമ കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിന് നല്‍കിയത്. സ്വകാര്യസ്ഥാപനമായി ബിസിസിഐയുടെ ഭരണത്തില്‍ ഇടപെടാന്‍ സുപ്രീംകോടതിക്ക് അധികാരമില്ലെന്ന ബിസിസിഐയുടെ വാദം നിയമ കമ്മീഷന്‍ തള്ളുകയും ചെയ്തിരുന്നു

നികുതി ഇളവ്, സൗജന്യ ഭൂമി, ഇന്ത്യയുടെ പതാകയുടെ നിറം കളിക്കാരുടെ വസ്ത്രങ്ങളിലും ഹെല്‍മറ്റില്‍ അശോകചക്രയും ഉപയോഗിക്കാനുള്ള അനുമതി തുടങ്ങിയവ പരിശോധിക്കുമ്പോള്‍ ഒരു പൊതു സ്ഥാപനത്തിന്റെ സ്വഭാവം ബിസിസിഐക്കുണ്ടെന്നും കമ്മീഷന്‍ വിലയിരുത്തി.

ഇപ്പോള്‍ വിവരാവകാശ പരിധിയില്‍ വരുമെന്ന ഉത്തരവ് കൂടി വന്നതോടെ ഗ്യാലറികളില്‍ ഉയരുന്ന ഈ ആരവം മുതലെടുത്ത് സ്വകാര്യ കമ്പനിയെ പോലെ പ്രവര്‍ത്തിക്കുന്ന ബിസിസിഐക്ക് കൂച്ചുവിലങ്ങ് വീഴുകയാണ്.