കൊച്ചി: ഐപിഎല്‍ കോഴ ആരോപണത്തെത്തുടര്‍ന്ന് മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കില്ല. ഇക്കാര്യം പരിഗണനയിലില്ലെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് ടി.സി.മാത്യു അറിയിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷൻ ആവശ്യപ്പെട്ടെങ്കിലും ശ്രീശാന്തിന്റെ ആജീവനന്താ വിലക്ക് നീക്കേണ്ടെന്നാണ് ബി സിസി ഐയുടെ തീരുമാനമെന്ന് ടി.സി.മാത്യു കൊച്ചിയിൽ പറഞ്ഞു.

ബി സിസിഐയുടെ പക്കലുളള റിപ്പോർട്ടുകൾ  അനുസരിച്ച്  ശ്രീശാന്തിനെ കോഴ വിവാദത്തിൽ ക്ലീൻചിറ്റ്  നൽകിയിട്ടില്ല. ഇക്കാര്യം പരിഗണിക്കേണ്ടെന്ന് മുന്‍ ബി സി സിഐ അധ്യക്ഷൻ ശശാങ്ക് മനോഹർ തന്നെ നിലപാടെടുക്കുകയും ചെയ്തു. കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയം രാജ്യാന്തര ഐപി എൽ മൽസരങ്ങൾക്കായി ഏറ്റെടുക്കുന്നതിനുളള നടപടികൾ അവസാനഘട്ടത്തിലാണെന്നും ടി.സി.മാത്യു വ്യക്തമാക്കി.

കൊച്ചി രാജ്യാന്തര സ്റ്റേഡിയം രണ്ടുവർഷത്തേക്ക് ഫുട്ബോ‌ൾ അസോസിയേഷന് നൽകിയിരിക്കുകയാണ്. ഇതിനാലാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം കെസിഎ ഏറ്റെടുക്കുന്നത്. രാജ്യാന്തര ഏകദിനങ്ങളും ഐപി എൽ മൽസരങ്ങളും തിരുവനന്തപുരത്ത് കൊണ്ടുവരാനാണ് ആലോചന.

കേരള ക്രിക്കറ്റ് അസോയിയേഷന്റെ(കെസിഎ)കഴിഞ്ഞ വ‍ർഷച്ചെ മികച്ച കളിക്കാരനായി രോഹൻ പ്രേമിനെ തെരഞ്ഞെടുത്തു. സ‌ഞ്ജു സാംസണ് പ്രത്യേക പുരസ്കാരം നൽകും. സച്ചിൻ ബേബിയാണ് മികച്ച ബാറ്റ്സ്‌മാൻ. കെസിഎ ഏർപ്പെടുത്തിയ 71 പുരസ്കാരങ്ങൾ ശനിയാഴ്ച കൊച്ചിയിൽ  വാ‍ർഷിക പൊതുയോഗത്തിൽ സമ്മാനിക്കും.