ഒക്ടോബറില്‍ ബ്രസീലിനെ നേരിടുന്നതിന്‌ മുമ്പ്‌ ഇന്ത്യ കോണ്‍കകാഫ്‌(concacaf) മേഖലയിലെ കരുത്തരായ പാനമയെ നേരിടും. ഇന്ത്യയില്‍ സെപ്‌തംബര്‍ 26ന്‌ നടക്കുന്ന സൗഹൃദമത്സരത്തിന്റെ ഫിക്‌സ്‌ചര്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ പിന്നീട്‌ അറിയിക്കും.

ന്യൂഡല്‍ഹി: ഒക്ടോബറില്‍ ബ്രസീലിനെ നേരിടുന്നതിന്‌ മുമ്പ്‌ ഇന്ത്യ കോണ്‍കകാഫ്‌(concacaf) മേഖലയിലെ കരുത്തരായ പാനമയെ നേരിടും. ഇന്ത്യയില്‍ സെപ്‌തംബര്‍ 26ന്‌ നടക്കുന്ന സൗഹൃദമത്സരത്തിന്റെ ഫിക്‌സ്‌ചര്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ പിന്നീട്‌ അറിയിക്കും.

ഇതാദ്യമായിട്ടാണ്‌ ഇന്ത്യ-പാനമ അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരം. കോണ്‍കകാഫ്‌ മേഖലയില്‍ നിന്ന്‌ ഇന്ത്യ നേരിടുന്ന ഒമ്പതാമത്തെ ടീമാണ്‌ പാനമ. അഞ്ച്‌ തവണ ലോകചാമ്പ്യന്‍മാരായ ബ്രസീലിനെ ഇന്ത്യ നേരിടുക ഒക്ടോബര്‍ മൂന്നിനാണ്‌. കൊല്‍ക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി ക്രിരംഗന്‍ സ്‌റ്റേഡിയമാണ്‌ വേദി. ഫിഫ റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്തുള്ള ബ്രസീലുമായുള്ള മത്സരം ഇന്ത്യന്‍ ഫുട്‌ബോളിന്‌ ടെസ്‌റ്റ്‌ ഡോസായിരിക്കും. 1992ല്‍ ഫിഫയുടെ ലോക റാങ്കിംഗ്‌ സമ്പ്രദായം നിലവില്‍ വന്നതിന്‌ ശേഷം ഇന്ത്യന്‍ ടീം എതിരിടുന്ന ഏറ്റവും ഉയര്‍ന്ന റാങ്കിംഗ്‌ ടീം ബ്രസീലായിരിക്കും.

ഫിഫ റാങ്കിംഗില്‍ 44 മതുള്ള പാനമ 2026 ലോകകപ്പ്‌ കളിച്ചിരുന്നു. കോണ്‍കകാഫ്‌ മേഖലയിലെ യോഗ്യതാ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്‌ചവെച്ചാണ്‌ പാനമ ലോകകപ്പിന്‌ യോഗ്യത നേടിയത്‌. ലോകകപ്പില്‍ ഇംഗ്ലണ്ട്‌, ക്രൊയേഷ്യ, ഘാന എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ്‌ എല്ലില്‍ ആയിരുന്നു പാനമ. ശക്തരായ പ്രതിയോഗികളോട്‌ പൊരുതി നോക്കിയ പാനമ ഗ്രൂപ്പിലെ മൂന്ന്‌ മത്സരവും തോറ്റ്‌ പുറത്തായി. ഘാനയോടും ക്രൊയേഷ്യയോടും 1-0 മാര്‍ജിനിലാണ്‌ തോറ്റതെങ്കില്‍, ഇംഗ്ലണ്ടിനോട്‌ 2-0നായിരുന്നു പരാജയം.

ടോപ്‌ 50 റാങ്കിംഗിലുള്ള പാനമക്കെതിരായ മത്സരം ഖാലിദ്‌ ജമീലിന്റെ ടീമിന്‌ നല്ല തയ്യാറെടുപ്പായിരിക്കുമെന്ന്‌ എ ഐ എഫ്‌ എഫ്‌ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ എം സത്യനാരായണന്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. മികച്ച ടീമുകളുമായി കൂടുതല്‍ മത്സരങ്ങള്‍ക്ക്‌ അവസരമൊരുക്കുകയാണ്‌ ഞങ്ങള്‍ ലക്ഷ്യമിടുന്നത്‌, സാധാരണ പാനമയെ പോലുള്ള ലോകകപ്പ്‌ ടീമുകളുമായൊന്നും ഇന്ത്യ അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങള്‍ കളിക്കാറില്ല. ഫിഫ വിന്‍ഡോയില്‍ കടുത്ത എതിരാളികളെ ഇന്ത്യ നേരിടുന്നത്‌ കാണാം - എം സത്യനാരായണന്‍ പറഞ്ഞു.

സെപ്‌തംബര്‍ 25ന്‌ ബ്രസീലിന്‌ ഓസ്‌ട്രേലിയയുമായിട്ട്‌ മത്സരമുണ്ട്‌. 29ന്‌ ബ്രിസ്‌ബനില്‍ മറ്റൊരു സൗഹൃദ മത്സരം കൂടി കളിച്ചതിന്‌ ശേഷം ബ്രസീല്‍ ഇന്ത്യയിലെത്തും. നവംബര്‍ 12,15 തീയതികളില്‍ ഇന്ത്യക്ക്‌ ന്യൂസിലാന്‍ഡുമായി മത്സരങ്ങളുണ്ട്‌.