ടി20യില്‍ ഇന്ത്യയ്‌ക്ക് അഞ്ചാം ബൗളര്‍ ഇല്ലാത്തത് ഒരു പ്രശ്‌നമല്ലെന്ന് ഇന്ത്യന്‍ താരം ഭുവനേശ്വര്‍കുമാര്‍. ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടി20 മല്‍സരത്തിന് മുന്നോടിയായി തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഭുവനേശ്വര്‍കുമാര്‍ ഇക്കാര്യം പറഞ്ഞത്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ 1-1 എന്ന നിലയില്‍ മൂന്നാം മല്‍സരം കളിക്കാന്‍ ഇറങ്ങുമ്പോള്‍ ചിന്തിക്കേണ്ട കാര്യമല്ല ഇത്. നമുക്ക് ഹര്‍ദ്ദിക് പാണ്ഡ്യയും മറ്റ് പാര്‍ട്ട് ടൈം ബൗളര്‍മാരുമുണ്ട്. ഒരു ബൗളറുടെ കുറവ് ടി20യില്‍ ഇതുവരെ അനുഭവപ്പെട്ടിട്ടില്ല. ടീമിലെ മുഖ്യ ബൗളര്‍മാര്‍ വിക്കറ്റെടുക്കാതെയും, അമിതമായി റണ്‍സ് വഴങ്ങുകയും ചെയ്യുമ്പോഴാണ് ബൗളറുടെ അഭാവം പ്രകടമാകുന്നത്. എന്നാല്‍ ടീം ഇന്ത്യയെ സംബന്ധിച്ച് ഇപ്പോള്‍ അങ്ങനെയൊന്ന് ഇല്ല. അതേസമയം ടീം ഘടന കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള ആലോചനകള്‍ തുടര്‍ന്നും ഉണ്ടാകുമെന്ന് ഭുവനേശ്വര്‍കുമാര്‍ പറഞ്ഞു. ടീം തോല്‍ക്കുമ്പോള്‍ ബൗളറെ കുറ്റപ്പെടുത്താന്‍ കഴിയില്ല. എതിര്‍ ടീം നന്നായി കളിക്കുന്നതുകൊണ്ട് അവര്‍ ജയിക്കുന്നു. വിന്‍ഡീസ് പര്യടനത്തേക്കാള്‍, ഓസ്ട്രേലിയയ്ക്കെതിരെ നന്നായി കളിക്കാന്‍ നമുക്ക് സാധിച്ചുവെന്നു ഭുവനേശ്വര്‍കുമാര്‍ ചൂണ്ടിക്കാട്ടി.

ബൂംറയുടെ ബൗളിങ് ശൈലി ബാറ്റ്‌സ്‌മാന്‍മാരില്‍ ആശയകുഴപ്പം സൃഷ്‌ടിക്കുന്നതാണെന്ന് ഭുവനേശ്വര്‍കുമാര്‍ പറഞ്ഞു. അവസാന ഓവറുകളില്‍ ബൂംറ എറിയുന്ന യോര്‍ക്കറുകളും, സ്ലോബോളുകളും ബാറ്റ്‌സ്‌മാന്‍മാരെ വട്ടംകറക്കാറുണ്ട്. അതുകൊണ്ടുതന്നെ ബൂംറയെപ്പോലെ ഒരാള്‍ക്കൊപ്പം ബൗള്‍ ചെയ്യുമ്പോള്‍ തന്റെയും പ്രകടനം കൂടുതല്‍ മികച്ചതാകുന്നുവെന്ന് ഭുവനേശ്വര്‍കുമാര്‍ പറഞ്ഞു. മല്‍സരത്തിന് മുമ്പ് ബൂംറയുമായി താന്‍ സംസാരിക്കാറുണ്ട്. വിക്കറ്റിന്റെ പ്രത്യേകതകളെക്കുറിച്ചും, എതിര്‍ ബാറ്റ്‌സ്‌മാനെതിരെ എന്ത് തന്ത്രം ആവിഷ്‌ക്കരിക്കണമെന്നതും ബൂംറയുമായി ചര്‍ച്ച ചെയ്യാറുണ്ട്. ഈ ചര്‍ച്ച തങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഏറെ ഉപകാരപ്പെടാറുണ്ടെന്നും ഭുവനേശ്വര്‍കുമാര്‍ പറഞ്ഞു.

ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പര ആര്‍ക്ക് ലഭിക്കുമെന്ന് നിശ്ചയിക്കുന്ന നിര്‍ണായകമായ മൂന്നാം മല്‍സരം ചൊവ്വാഴ്‌ച തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും.