ദില്ലി: ജീവിതത്തില്‍ പുതിയ ഇന്നിംഗ്‌സിന് ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍. മീററ്റ് സ്വദേശി നൂപുര്‍ നാഗറുമായുള്ള ഭുവനേശ്വര്‍ കുമാറിന്‍റെ വിവാഹം ഈമാസം 23ന് മീററ്റില്‍ നടക്കും. വിവാഹ വാര്‍ത്ത നൂപുര്‍ നാഗര്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമേ വിവാഹ ചടങ്ങില്‍ പങ്കെടുക്കൂ.

ഇന്ത്യന്‍ ടീമംഗങ്ങള്‍ക്കായി 30ന് ദില്ലിയില്‍ പ്രത്യേക വിരുന്നൊരുക്കും. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിനായി ഈസമയം ഇന്ത്യന്‍ ടീം ദില്ലിയിലുണ്ടാവും. വിരാട് കോലി, എംഎസ് ധോണി, രവീന്ദ്ര ജഡേജ, ശിഖര്‍ ധവാന്‍, സുരേഷ് റെയ്‌ന തുടങ്ങിയവര്‍ ദില്ലിയിലെ വിരുന്നില്‍ പങ്കെടുത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ശ്രീലങ്കയ്ക്കെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ ഭുവനേശ്വര്‍ കുമാര്‍ ടീമിലുണ്ട്.