ഓഗസ്റ്റ് രണ്ടിനായിരുന്നു ഇരുവരും പങ്കെടുത്ത ബോക്സിംഗ് മത്സരം നടന്നത്
ടോക്കിയോ: ഒരു ദിവസത്തെ ഇടവേളയിൽ ബോക്സിംഗ് ടൂർണമെന്റിന് പിന്നാലെ മരിച്ചത് രണ്ട് യുവതാരങ്ങൾ. ജപ്പാനിലെ ടോക്കിയോയിൽ നടന്ന ബോക്സിംഗ് ടൂർണമെന്റിനിടെ തലയ്ക്കേറ്റ പരിക്കുകളെ തുടർന്ന് രണ്ട് താരങ്ങളും മരിച്ചത്. 28കാരനായ ജാപ്പനീസ് ബോക്സിംഗ് താരം ഹിരോമസ ഉറകാവയാണ് ഞായറാഴ്ചയാണ് മരിച്ചത്. ജപ്പാൻ സ്വദേശിയായ യോജി സെയ്റ്റോയെന്ന ബോക്സിംഗ് താരവുമായുള്ള മത്സരത്തിനിടെയാണ് ഹിരോമസയ്ക്ക് തലയ്ക്ക് ഗുരുതര പരിക്കേറ്റത്. ഓഗസ്റ്റ് രണ്ടിനായിരുന്നു ഇരുവരും പങ്കെടുത്ത ബോക്സിംഗ് മത്സരം നടന്നത്.
ടോക്കിയോയിലെ കൊറാകുവേനിൽ വച്ചായിരുന്നു ഈ മത്സരം. ഷിഗെറ്റോസി കോടാരി എന്ന 28 കാരനായ ബോക്സിംഗ് താരത്തിന്റെ മരണം സംഭവിച്ച് ദിവസങ്ങൾ പിന്നിടും മുൻപാണ് ഹിരോമസയുടെ മരണം. യാമാറ്റോ ഹാറ്റ എന്ന ബോക്സറുമായി പന്ത്രണ്ടാം റൗണ്ട് പോരാട്ടത്തിനൊടുവിലാണ് ഷിഗെറ്റോസി കോടാരി കുഴഞ്ഞ് വീണത്. തലയ്ക്കേറ്റ പരിക്കിന് പിന്നാലെ തലച്ചോറിലുണ്ടായ രക്തസ്രാവമാണ് ഇരുവരുടേയും മരണ കാരണം. പ്രശസ്തരായ രണ്ട് യുവതാരങ്ങളുടെ ഒരേ ചാമ്പ്യൻഷിപ്പിനിടയിലുണ്ടായ മരണത്തിന് പിന്നാലെ ടൂർണമെന്റിന്റെ നിയമാവലിക്ക് മാറ്റം വരുത്തണമെന്ന ആവശ്യം ശക്തമാക്കിയിട്ടുണ്ട്.
ഹിരോമസ ഉറകാവയ്ക്ക് ആറാം റൗണ്ട് പോരാട്ടത്തിന് പിന്നാലെയാണ് പരിക്കേറ്റത്. താരങ്ങളുടെ മരണത്തിന് പിന്നാലെ ജാപ്പനീസ് ബോക്സിംഗ് കമ്മീഷൻ ഓറിയന്റൽ ആൻഡ് പസഫിക് ബോക്സിംഗ് ഫെഡറേഷന്റെ മത്സരങ്ങൾ 10 റൗണ്ടായി കുറയ്ക്കാൻ തീരുമാനമെടുത്തിട്ടുണ്ട്. ഈ വർഷം തന്നെയാണ് ജോൺ കൂണി എന്ന ബോക്സിംഗ് താരം ഫെബ്രുവരിയിൽ മത്സരത്തിനിടെ തലയ്ക്ക് പരിക്കേറ്റ് മരിച്ചത്.
